കട്ടപ്പന/തൊടുപുഴ: സംരക്ഷിത വനപ്രദേശങ്ങളോട് ചേർന്ന ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല (ഇ.എസ്.ഇസഡ്) ആക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങളുമായി ജില്ലയിലെ എൽ.ഡി.എഫ്, യു.ഡി.എഫ് നേതൃത്വങ്ങൾ. രണ്ടാം യു.പി.എ സർക്കാറിന്‍റെ കാലത്ത് 2011ൽ ജറയാം രമേശ് വനം, പരിസ്ഥിതി മന്ത്രിയായിരിക്കെ വന്യജീവി സംരക്ഷണത്തിന്‍റെ പേരിൽ പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കാനാണ് ഇപ്പോൾ സുപ്രീംകോടതി നിർദേശിച്ചതെന്ന് ഹർത്താൽ പ്രഖ്യാപിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിൽ എൽ.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ, സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോണായി പ്രഖ്യാപിച്ച രണ്ടാം പിണറായി സർക്കാർ തീരുമാനം ജനവഞ്ചനയാണെന്നും ഈ തീരുമാനം നിലനിൽക്കെ ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനാണെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ബഫർസോൺ 10 കിലോമീറ്ററാക്കിയാണ് 2011ൽ കേന്ദ്രം ഉത്തരവിട്ടതെന്ന് എൽ.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടി. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ നടത്തിയ നീക്കങ്ങളിലൂടെയാണ് ഒരുകിലോമീറ്ററായി ചുരുക്കിയത്. ഭൂമിയെ വിവിധ മേഖലകളാക്കി തിരിച്ച് ജനജീവിതത്തെ കൊടിയ വിനാശത്തിലേക്ക് തള്ളിവിടുന്ന ആസൂത്രിത നീക്കങ്ങളാണ് കോൺഗ്രസ് ഭരണകാലത്ത് കേന്ദ്രത്തിൽനിന്നുണ്ടായത്. ഇതിന്‍റെ ചുവടുപിടിച്ചാണ് ഇപ്പോൾ കർഷകർക്കെതിരെ ഒന്നിനുപിറകെ ഒന്നായി തീരുമാനങ്ങൾ വരുന്നത്. വനത്തിൽ മാത്രം ഇ.എസ്.എ നിജപ്പെടുത്തി കൃഷിമേഖലയെ പൂർണമായും ഒഴിവാക്കുന്ന റിപ്പോർട്ടാണ് കേരളം നൽകിയത്. എന്നാൽ, ഇതിനെതിരെയാണ് യു.ഡി.എഫ് എം.പിമാർ പാർലമെന്‍റിൽ നിലപാട് എടുത്തതെന്നും എൽ.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടി. വാർത്തസമ്മേളനത്തിൽ എൽ.ഡി.എഫ് ജില്ല കൺവീനർ കെ.കെ. ശിവരാമൻ, സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ്, ഷാജി കാഞ്ഞമല, ജോണി ചെരിവുപറമ്പിൽ, സിബി മൂലേപറമ്പിൽ, വി.ആർ. സജി, വി.എസ്. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതിലോല വിഷയത്തിൽ ജനങ്ങളുടെ ഉത്തമ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കു ഒരു പ്രതിബദ്ധതയുമില്ലെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രഫ. എം.ജെ. ജേക്കബും പറഞ്ഞു. ഭൂമിപതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന 2019ലെ സർവകക്ഷി തീരുമാനം സംസ്ഥാന സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഒരുകിലോമീറ്റർ ബഫർ സോണായി മുമ്പ് പ്രഖ്യാപിച്ച സർക്കാർ തീരുമാനം മറച്ചുവെച്ച് ഇപ്പോൾ പ്രഖ്യാപിച്ച ഹർത്താൽ വീണ്ടും ജനങ്ങളെ കബളിപ്പിക്കാനാണ്. നിയമാനുസരണം നോട്ടീസ് നൽകാതെ ഹർത്താൽ പ്രഖ്യാപിച്ച എൽ.ഡി.എഫ് നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. എൽ.ഡി.എഫ് ഹർത്താൽ നിയമവിരുദ്ധം -ഇബ്രാഹിംകുട്ടി കല്ലാർ തൊടുപുഴ: എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താൽ മുൻകൂർ അനുമതി വാങ്ങാതെയാണെന്ന് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ. ഹർത്താൽ പ്രഖ്യാപിക്കണമെങ്കിൽ ഏഴ് ദിവസം മുമ്പ് കലക്ടർക്ക് അപേക്ഷ കൊടുക്കണം. എന്നാൽ, ബുധനാഴ്ച മൂന്നുമണിവരെ ആരുടെയും അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് കലക്ടർ അറിയിച്ചത്. നിയമം കാറ്റിൽപറത്തി യു.ഡി.എഫ് ഹർത്താലിന് മുമ്പ് ഹർത്താൽ നടത്തുന്ന എൽ.ഡി.എഫ് സ്വയം അപഹാസ്യരാവുമെന്നും നിയമ നടപടി നേരിടേണ്ടിവരുമെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.