പൊലീസുകാർക്കെതിരായ ആരോപണം; സേനയിൽ മുറുമുറുപ്പ്​

ഇടുക്കി: തീവ്രവാദ ബന്ധമുള്ള സംഘടനകൾക്ക്​ രഹസ്യ വിവരങ്ങൾ ചോർത്തിക്കൊടുത്തതായി മൂന്നാര്‍ സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്കെതിരെ ഉയർന്ന ആരോപണത്തെച്ചൊല്ലി പൊലീസുകാർക്കിടയിൽ മുറുമുറുപ്പ്​. ആരോപണത്തിന് പിന്നില്‍ സംഘ്​പരിവാര്‍ ബന്ധമുള്ള ചില പൊലീസുകാരാണെന്നാണ്​ പൊലീസിലെ ഒരുവിഭാഗം ആരോപിക്കുന്നത്​. അന്വേഷണ ഉദ്യോഗസ്ഥനായ മൂന്നാര്‍ ഡിവൈ.എസ്.പി ജില്ല പൊലീസ് മേധാവിക്ക് നല്‍കിയ ആദ്യ റിപ്പോര്‍ട്ട് മാറ്റി ആവശ്യപ്പെടാനിടയായ സാഹചര്യം ദുരൂഹമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ റിപ്പോർട്ടും നടപടിയുമുണ്ടാകുന്നതിന്​ മുമ്പുതന്നെ പൊലീസുകാരെ കുറ്റക്കാരായി ചിത്രീകരിക്കുന്നതിന്​ പിന്നിൽ പതിറ്റാണ്ടിലേറെയായി മൂന്നാറിൽതന്നെ ജോലി ചെയ്യുന്ന ചില പൊലീസുകാരാണെന്നാണ്​ ആക്ഷേപം. പ്ലേ സ്റ്റോറില്‍നിന്ന്​ ഡൗൺലോഡ്​ ചെയ്ത ആപ്​ മറയാക്കി ഫോണ്‍ കാളുകള്‍ നടത്തിയെന്നും വകുപ്പിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നുമാണ് മൂന്ന് പൊലീസുകാര്‍ക്കെതിരായ ആരോപണം. എന്നാല്‍, ഒമ്പത്​ പൊലീസുകാർ ഈ ആപ് ഡൗണ്‍ലോഡ് ചെയ്തെങ്കിലും അന്വേഷണം മൂന്നുപേരിൽ മാത്രം ഒതുക്കിയതിൽ ഗൂഢാലോചനയുള്ളതായും പറയുന്നു. ആരോപണം ഉയർന്നിട്ട്​ ആഴ്ചകളായെങ്കിലും തെളിയിക്കുന്ന വസ്തുതകളൊന്നും കണ്ടെത്തിയിട്ടില്ല. ആരോപണവിധേയരായ പൊലീസുകാര്‍ കൂടി ഉൾപ്പെടുന്ന നാട്ടിലെ പ്രാദേശിക വാട്​സ്​ആപ്​ ഗ്രൂപ്പിൽ ഒരു സംഘടനയുടെ സജീവ പ്രവര്‍ത്തകന്‍ ഉണ്ടെന്നതിന്‍റെ പേരിലാണ്​ പൊലീസുകാരെ ഈ സംഘടനയുമായി ബന്ധപ്പെടുത്താൻ ശ്രമം നടക്കുന്നത്​. വാട്സ്​ആപ് ഗ്രൂപ്​ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രത്യേക വിഭാഗത്തെ സംശയനിഴലിൽ നിർത്തുന്നതാണെന്നും വിമർശനമുണ്ട്​. ആരോപണവിധേയരായ പൊലീസുകാർ ഫേസ്​ബുക്ക്​ ​പോസ്റ്റുകളിൽ ഇടതുസംടഘനയെ വിമർശിച്ചത്​ ഇവർക്കെതിരെ രാഷ്ട്രീയ വിരോധത്തിനും കാരണമായിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.