പ്രതിഷേധം നേരിടേണ്ടി വരുമെന്ന് നേതാക്കൾ ചെറുതോണി: വാഴത്തോപ്പ്, കഞ്ഞിക്കുഴി വില്ലേജുകളിൽ വിതരണം ചെയ്ത രണ്ടായിരത്തോളം പട്ടയങ്ങൾ റദ്ദാക്കാനും നിലവിൽ തയാറാക്കി അസൈൻമെന്‍റ് കമ്മിറ്റി പാസാക്കിയ എഴുനൂറോളം പട്ടയങ്ങൾ നൽകാതിരിക്കാനും ഗൂഢനീക്കമുള്ളതായും പട്ടയത്തിന്റെ സാധുത പരിശോധിക്കാൻ റവന്യൂ വിജിലൻസിനെ ഏൽപിക്കുന്നത് ഇതിന്‍റെ ഭാഗമാണെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി. ഇത്തരമൊരവസ്ഥ ഉണ്ടായാൽ സർക്കാറിന് കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് സമിതി നേതാക്കൾ മുന്നറിയിപ്പ് നൽകി. അർഹരായവർക്കെല്ലാം പട്ടയം നൽകുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി കലക്ടറുടെ നേതൃത്വത്തിൽ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഇവിടെ പട്ടയം നൽകാൻ ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ പട്ടയം കിട്ടിയവരും അതിനായി കാത്തിരിക്കുന്നവരും ഒരുപോലെ ആശങ്കയിലാണ്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ ലിസ്റ്റ് പട്ടയ കമ്മിറ്റി അംഗീകരിച്ചാണ് പട്ടയം നൽകിയത്. ആദിവാസികൾക്കും ജനറൽ വിഭാഗത്തിനും ഒരുപോലെ പട്ടയം നൽകിയിട്ടുണ്ട്. ഒരാൾക്ക് നാലേക്കർവരെ പട്ടയത്തിന് അവകാശമുണ്ട്. അതിൽ കൂടുതൽ നൽകിയിട്ടുണ്ടെങ്കിൽ നടപടി എടുക്കാം. ജില്ലയിൽ മറ്റു സ്ഥലങ്ങളിലും പട്ടയം നൽകിയത് ഈ നടപടി ക്രമങ്ങൾ പാലിച്ചാണെന്നിരിക്കെ ഈ മേഖലയിൽ എന്തെങ്കിലും നടപടി ഉണ്ടായാൽ മറ്റു മേഖലകളെയും ബാധിക്കും. പട്ടയം സർക്കാറിന്റെ ഔദാര്യമല്ല, കൈവശക്കാരന്റെ അവകാശമാണ്. അനാവശ്യനടപടികൾ ഒഴിവാക്കിയില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, രക്ഷാധികാരികളായ ആർ. മണിക്കുട്ടൻ, സി.കെ. മോഹനൻ, മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.