അയ്യപ്പൻകോവിലിൽ ഏലച്ചെടികൾക്ക് മഞ്ഞപ്പാണ്ട് രോഗം; ഉദ്യോഗസ്ഥർ കൃഷിയിടം സന്ദർശിച്ചു

കട്ടപ്പന: അയ്യപ്പൻകോവിലെ ഏലച്ചെടികൾക്ക് മഞ്ഞപ്പാണ്ട് രോഗം പടരുന്നു. പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിൽനിന്ന്​ ഉദ്യോഗസ്ഥർ കൃഷിയിടങ്ങൾ സന്ദർശിച്ചു. ഏലച്ചെടികളിൽ ഉണ്ടാകുന്ന മഞ്ഞപ്പാണ്ട് കൃഷിയിടത്തിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചത്. ബാധിക്കുന്ന രോഗം കുമിൾ രോഗലക്ഷണമാണെന്നും പ്രാഥമിക പ്രതിവിധികൾ കർഷകർക്ക് നിർദേശിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിൽ ബാബു ചെമ്പൻകുളത്തിന്‍റെ കൃയിടത്തിലും സമീപ കൃഷിയിടങ്ങളിലുമാണ് ഏലച്ചെടികളിൽ മഞ്ഞപ്പാണ്ട് രോഗം കാണപ്പെട്ടത്. പരിശോധനയിൽ വേനൽക്കാലത്ത് വ്യാപിക്കുന്ന കുമൾ രോഗലക്ഷണമാണ് ചെടികളിൽ കണ്ടെത്തിയത്. വ്യാപനം തടയാനും ചെടികളെ രോഗത്തിൽനിന്ന്​ മോചിപ്പിക്കാനും പ്രാഥമിക പ്രതിവിധികൾ നൽകിയതായും കൂടുതൽ പഠനങ്ങൾക്കായി സാമ്പിൾ ശേഖരിച്ചതായും എന്‍റമോളജി വിഭാഗം അസി. പ്രഫസർ എം. നഫീസ പറഞ്ഞു. ജില്ലയിൽ പലയിടങ്ങളിലും കുമിൾ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇലകളിൽ ബാധിക്കുന്ന രോഗം ശരത്തിനെയും ഫലത്തെയും പ്രതികൂലമായി ബാധിക്കും. കർഷകർക്ക് ആശങ്ക വേണ്ടെന്നും കൃത്യമായ പരിചരണത്തിലൂടെയും ഫലപ്രദമായ വളപ്രയോഗത്തിലൂടെയും രോഗത്തെയും രോഗവ്യാപനത്തെയും തടയാനാകുമെന്നും ഗവേഷണ സംഘം അറിയിച്ചു. കൂടാതെ ഏലച്ചെടികളെ ബാധിക്കുന്ന വിവിധ രോഗങ്ങൾ അയ്യപ്പൻകോവിലിലെ വിവിധ കൃഷിയിടങ്ങളിലെത്തി ഉദ്യോഗസ്ഥർ വിലയിരുത്തി പ്രതിരോധമാർഗം കർഷകർക്ക് നിർദേശിച്ചു. കട്ടപ്പന ബ്ലോക്ക് എ.കെ.സിയുടെ നേതൃത്വത്തിലാണ് പാമ്പാടുംപാറ ഗവേഷണ കേന്ദ്രത്തിൽനിന്ന്​ ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയത്. സ്കിൽഡ് അസി. നിത റാഫി, മറ്റ് കാർഡമം റിസേർച്ച് ഉദ്യോഗസ്ഥർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​, തുടങ്ങിയവർ പരിശോധനയിൽ ഉണ്ടായിരുന്നു ചിത്രം: പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിൽനിന്നുള്ള ഉദ്യോഗസ്ഥർ കൃഷിയിടം പരി​ശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.