സി.പി.ഐ നേതാക്കള്‍ മർദിച്ചെന്ന് പരാതിനൽകിയ യുവനേതാവിന് സസ്പെൻഷൻ

അടിമാലി: സി.പി.ഐ നേതാക്കള്‍ മര്‍ദിച്ചെന്ന് ആരോപിച്ച്‍ രാജാക്കാട് പൊലീസില്‍ പരാതി നല്‍കിയ എ.ഐ.വൈ.എഫ് നേതാവിനെ സി.പി.ഐ ജില്ല നേതൃത്വം ഇടപെട്ട് ആറുമാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. മുക്കുടില്‍ മാണിത്തോട്ടത്തില്‍ ലിജോക്കെതിരെയാണ് നടപടി. ‍ സേനാപതി പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ ആതിരയുടെ ഭര്‍ത്താവും എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗമായിരുന്ന ലിജോയെയാണ്​ സസ്​പെൻഡ്​ ചെയ്തത്​. സി.പി.ഐ രാജാക്കാട് ലോക്കല്‍ സെക്രട്ടറി സനലി‍ൻെറ നേതൃത്വത്തില്‍ ആറുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാരോപിച്ച്‍ ലിജോ കഴിഞ്ഞദിവസം പൊലീസിൽ പരാതി നല്‍കിയിരുന്നു. എന്നാൽ, ലിജോ ചില സി.പി.ഐ, എ.ഐ.വൈ.എഫ് നേതാക്കളെ ഫോണില്‍വിളിച്ച് അസഭ്യം പറഞ്ഞതായി സി.പി.ഐ നേതാക്കള്‍ പറയുന്നു. ഇത് ചോദിക്കാനായി രാജാക്കാടുള്ള സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫിസിലേക്ക് വിളിച്ചുവരുത്തി. ചര്‍ച്ചക്കിടെ വീണ്ടും വാക്കേറ്റമുണ്ടായതായി പറയുന്നു. എന്നാല്‍, ലിജോയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കേസില്‍‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ സംഭവം നടക്കുമ്പോള്‍ സ്ഥലത്തില്ലായിരുന്നുവെന്നും സി.പി.ഐ നേതാക്കള്‍ പറയുന്നു. സമീപകാലത്ത് സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്ന ഇവരെ പ്രതിചേര്‍ത്തത് ചില സി.പി.എം ചില നേതാക്കളുടെ സമ്മര്‍ദം മൂലമാണെന്നും സി.പി.ഐ ആരോപിക്കുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ സി.പി.എം പ്രാദേശികനേതാക്കള്‍ നിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.