അടിമാലിയിൽ ഭരണസമിതിക്കെതിരെ അവിശ്വാസത്തിന് നോട്ടീസ്

അടിമാലി: എല്‍.ഡി.എഫ് ഭരിക്കുന്ന അടിമാലി പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. തിങ്കളാഴ്ച യു.ഡി.എഫ് പാര്‍ലമെന്‍ററി ലീഡര്‍ ബാബു കുര്യാക്കോസിന്‍റെ നേതൃത്വത്തില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് നോട്ടീസ് നല്‍കിയത്. യു.ഡി.എഫിലെ ഒമ്പത്​ അംഗങ്ങളും പ്രമേയത്തില്‍ ഒപ്പിടുകയും നേരിട്ട് ഹാജരാകുകയും ചെയ്തു. 21അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍.ഡി.എഫ് 11, യു.ഡി.എഫ് ഒമ്പത്​, സ്വതന്ത്രന്‍ ഒന്ന്​ എന്നിങ്ങനെയാണ്​ കക്ഷിനില. എല്‍.ഡി.എഫില്‍ അംഗങ്ങള്‍ക്കിടയിലുണ്ടായ അഭിപ്രായഭിന്നത മുതലെടുക്കാനാണ് യു.ഡി.എഫ് ശ്രമം. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എല്‍.ഡി.എഫ് അവിശ്വാസം കൊണ്ടുവരുകയും ഭരണം പിടിക്കുകയും ചെയ്തിരുന്നു. യു.ഡി.എഫ് പ്രസിഡന്‍റ്​, വൈസ് പ്രസിഡന്‍റ്​ എന്നിവരെ എല്‍.ഡി.എഫ് പാളയത്തിലെത്തിച്ചാണ്​ അന്ന് എല്‍.ഡി.എഫ് ഭരണം പിടിച്ചത്. എന്നാല്‍, ഉപതെരഞ്ഞെടുപ്പിലൂടെ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തി. പിന്നീട് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 11 സീറ്റുകളോടെയാണ് അധികാരത്തില്‍ തിരിച്ചെത്തിയത്. സ്വതന്ത്ര അംഗവും എല്‍.ഡി.എഫിനെ അനുകൂലിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.