ഇടമലക്കുടിയിൽ സംയോജിത വികസന പദ്ധതികൾക്കായി പഠനസംഘം

മൂന്നാർ: കുടുംബതല സർവേ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ആരംഭിച്ചു. കുടുംബശ്രീ മിഷൻ നേതൃത്വത്തിലെ 85അംഗ സംഘമാണ് ആറുദിവസത്തെ പഠനത്തിന് ഇടമലക്കുടിയിൽ എത്തിയത്. സംസ്ഥാന സർക്കാറി‍ൻെറ സംയോജിത വികസന പദ്ധതി ഇടമലക്കുടിയിൽ നടപ്പാക്കാനാണ് വിവരശേഖരണം. വിവിധ വകുപ്പുകൾക്ക് പഞ്ചായത്തിൽ നടപ്പാക്കാൻ കഴിയുന്ന വിവരങ്ങൾ ശേഖരിച്ച്​ സമർപ്പിക്കുകയാണ് ലക്ഷ്യം. പഠനസംഘം പല ഗ്രൂപ്പുകളായി തിരിഞ്ഞ് പഞ്ചായത്തിലെ 712 വീടുകളും സന്ദർശിക്കും. ആറുദിവസം കൊണ്ട് എല്ലാ കുടികളിലെയും വീടുകളിൽനിന്ന് വിവരശേഖരണം പൂർത്തിയാക്കും. ഇതിനനുസരിച്ച് ഇടമലക്കുടിയുടെ സമഗ്ര വികസനത്തിന്​ ആവശ്യമായ മൈക്രോ പദ്ധതികൾ തയാറാക്കും. കുടുംബശ്രീ നാഷനൽ റിസോഴ്സ് ഓർഗനൈസേഷനിലെ 34 മെന്‍റർമാർ, 34 സാമൂഹിക പ്രവർത്തകർ, വിവിധ സർക്കാർ വകുപ്പുകളിൽനിന്നുള്ള 17 ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് സംഘം. 26ന് മൂന്നാറിൽ മടങ്ങിയെത്തുന്ന സംഘം, ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ചതിനുശേഷം 29ന് മടങ്ങും. തുടർന്ന്​ ഓരോ കുടിയുടെ വികസനത്തിന്​ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്​ കർമപദ്ധതി തയാറാക്കും. ഇതോടെ പദ്ധതി നടത്തിപ്പുകളിൽ ഇടനിലക്കാരുടെ ചൂഷണം ഒഴിവാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.