മാലിന്യ സംസ്കരണത്തിന്​ കരുത്തേകാൻ ഹരിതമിത്രം

തൊടുപുഴ: മാലിന്യം ഉറവിടത്തിൽതന്നെ കണ്ടെത്താനും ഇതിനെ ശാസ്ത്രീയമായി സംസ്കരിക്കാനും സഹായകമാകുന്ന വിധത്തിൽ 'ഹരിത മിത്രം' പേരിൽ മൊബൈൽ ആപ്​ പ്രവർത്തന സജ്ജമാകുന്നു. മാലിന്യരഹിതമായ അന്തരീക്ഷം വാർത്തെടുക്കാൻ ലക്ഷ്യമിട്ട്​ ഹരിതകേരളം മിഷനും ശുചിത്വമിഷനും ചേർന്നാണ്​ ഹരിതമിത്രം മൊബൈൽ ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുന്നത്​​. ജില്ലയിൽ ജൂണിൽ ആപ്​ പ്രവർത്തനസജ്ജമാക്കും. രൂപപ്പെടുന്ന മാലിന്യത്തി‍ൻെറ അളവ്​, തരം, അവ കൈകാര്യം ചെയ്യപ്പെടുന്ന രീതി, എന്നിവ കൃത്യമായി അറിഞ്ഞോലേ മാലിന്യസംസ്കരണം പൂർണമായി നടപ്പാക്കാൻ കഴിയൂ. ഇത്തരം സംവിധാനങ്ങളുടെ അഭാവം നിലനിൽക്കുന്ന സാഹചര്യത്തിലാണ്​ ആപ്ലിക്കേഷൻ​​. ഓൺലൈനിലും ഓഫ്​ലൈനിലും പ്രവർത്തിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുന്ന മാലിന്യ സംസ്​കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം നിരീക്ഷിക്കാൻ കഴിയുന്ന രീതിയിലാണ്​ ആപ്​​. * ഓരോ വീടുകളിലും ക്യൂആർ കോഡ്​ നൽകും ജില്ലയിൽ 26 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമാണ്​ ആപ്​ ആദ്യഘട്ടത്തിൽ പ്രവർത്തനം തുടങ്ങുക. 1532 ഹരിതകർമ സേനാംഗങ്ങളാണ് ജില്ലയിലുള്ളത്​. ഇവർ വീടുകളിൽനിന്ന്​ ശേഖരിക്കുന്ന മാലിന്യം എന്തൊക്കെ ഇവരുടെ പ്രവർത്തനം എന്നിവയൊക്കെ ആപ്പിലൂടെ അറിയാൻ കഴിയും. ഏതെങ്കിലും വീടുകളിൽനിന്ന്​ മാലിന്യം ശേഖരിക്കാൻ വിട്ടുപോയാൽ ആ വിവരവും ആപ്പിലൂടെ അറിയാൻ കഴിയും. ഇതിനായി ഓരോ വീടുകളിലും ക്യൂആർ കോഡ്​ നൽകും. ഡിജിറ്റൽ പെയ്​മെന്‍റും ഇതിലൂടെ നടത്താം. മാലിന്യം എന്ന രീതിയിൽ രൂപപ്പെടുന്ന വസ്തുക്കളുടെ അളവ്​ പരമാവധി കുറക്കുക, രൂപപ്പെടുന്ന മാലിന്യത്തെ ശാസ്ത്രീയമായി തരംതിരിച്ച്​ സുരക്ഷിതമായി സംസ്കരിക്കുക, പ്രകൃതി സൗഹൃദമായ വസ്തുക്കൾ ഉപയോഗിക്കുക എന്നിങ്ങനെ പലതരത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്​ നടപ്പാക്കിയാലേ മാലിന്യരഹിത പരിസരം ലക്ഷ്യത്തിലെത്തൂ. ആപ്പ്​ വഴി ഉപയോക്താവിന്​ പ്രത്യേക സേവനങ്ങൾക്കും അപേക്ഷിക്കാം. പരാതികളും ഉന്നയിക്കാം. മാലിന്യം തള്ളുന്നതടക്കമുള്ള കാര്യങ്ങളും റപ്പോർട്ട്​ ചെയ്യാം. മാലിന്യം ഉൽപാദിപ്പിക്കുന്ന സ്ഥലത്തി‍ൻെറ ജിയോ ലൊക്കേഷനും ഫോ​ട്ടോയും രേഖപ്പെടുത്താനും സഹായിക്കും. ഹരിതകർമ സേന അംഗങ്ങൾ, സൂപ്പർ വൈസർമാർ, ആരോഗ്യവകുപ്പ്​ ഉദ്യോഗസ്ഥർ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, ത​ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക്​ ഈ ആപ്ലിക്കേഷനിലൂടെ വിവരം ലഭിക്കും. കെൽട്രോണി‍ൻെറ സഹായത്തോടെയാണ്​ വികസിപ്പിച്ചിട്ടുള്ളത്​. * ഹരിമിത്രം ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന പഞ്ചായത്തുകൾ പള്ളിവാസൽ, കാന്തല്ലൂർ, ശാന്തൻപാറ, പാമ്പാടുംപാറ, കരുണാപുരം, രാജാക്കാട്​, നെടുങ്കണ്ടം, ഉടുമ്പൻചോല, രാജകുമാരി, വണ്ണപ്പുറം, ആലക്കോട്​, വെള്ളിയാമറ്റം, കരിമണ്ണൂർ, വാത്തിക്കുടി, അറക്കുളം, കാമാക്ഷി, ഉപ്പുതറ, ഇരട്ടയാർ, ചക്കുപള്ളം, കുമാരമംഗലം, ഇടവെട്ടി, പുറപ്പുഴ, പെരുവന്താനം, കുമളി, പീരുമേട്​, ഏലപ്പാറ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.