സര്‍ക്കാറുകള്‍ ഗോത്രവർഗ നയം രൂപവത്​കരിക്കണം -മലഅരയ മഹാസഭ

തൊടുപുഴ: ഗോത്രവർഗ ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഗോത്രവർഗ നയം രൂപവത്​കരിക്കാന്‍ തയാറാകണമെന്ന് അഖില തിരുവിതാംകൂര്‍ മലഅരയ മഹാസഭ ആവശ്യപ്പെട്ടു. ഈ നയത്തിന്‍റെ അടിസ്ഥാനത്തില്‍ വേണം ഗോത്രവര്‍ഗ ക്ഷേമത്തിനായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനെന്നും നേതാക്കള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ഗോത്രവർഗ വിഭാഗത്തില്‍നിന്നുള്ള എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുക, ഗോത്രവർഗ മേഖലകളിലെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സംവരണം 10 ശതമാനമായി വർധിപ്പിക്കുക, രേഖകളോടുകൂടി ഭൂമിയും വാസയോഗ്യമായ വീടുകളും നല്‍കുക, ഗോത്രവര്‍ഗ മേഖലയില്‍ ഉല്‍പാദിപ്പിക്കുന്ന വിളകള്‍ക്ക് ഉയര്‍ന്നവില ലഭ്യമാക്കുക, ഗോത്രവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവരെ വനംവകുപ്പില്‍ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നേതാക്കള്‍ ഉന്നയിച്ചു. ഗോത്രവർഗ മേഖലയിലെ പദ്ധതികള്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിനും അവ നിരീക്ഷിക്കുന്നതിനും ജുഡീഷ്യല്‍ അധികാരമുള്ള സമിതി രൂപവത്​കരിക്കണം. പട്ടികവർഗ ഗോത്ര കമീഷനുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം. ഗോത്രവര്‍ഗ പ്രദേശങ്ങളിലെ നിര്‍മാണ തടസ്സം ഒഴിവാക്കുന്നതിനായി വനം, തദ്ദേശ സ്വയംഭരണം, റവന്യൂ എന്നിവയുള്‍പ്പെടെയുള്ള വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ഏകോപന സമിതിയുണ്ടാക്കണം. ഊര് സഭകള്‍ക്ക് കൂടുതല്‍ അധികാരവും പ്രവര്‍ത്തനസ്വാതന്ത്ര്യവും നല്‍കണം. പട്ടയം-സര്‍വേ നടപടികളില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളും നേതാക്കള്‍ ഉന്നയിച്ചു. വാർത്തസമ്മേളനത്തില്‍ സഭാ സംസ്ഥാന പ്രസിഡന്‍റ്​ കെ.ബി. ശങ്കരന്‍, ജനറല്‍ സെക്രട്ടറി വി.പി. ബാബു, വൈസ് പ്രസിഡന്‍റ്​ പി.വി. വിജയന്‍, ജോ. സെക്രട്ടറി എം.ഐ. വിജയന്‍, ബോര്‍ഡ് മെംബര്‍ കെ.ആര്‍. തങ്കപ്പന്‍, തൊടുപുഴ ശാഖാ പ്രസിഡന്‍റ്​ കെ.കെ. സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.