ഗ്യാപ് റോഡ് കാഴ്ചയുടെ കൂടാരം; ഒപ്പം അപകടക്കെണിയും

മൂന്നാർ: കാഴ്ച്കൾ കൊണ്ട് മനോഹരമാണെങ്കിലും അപരിചിതർക്ക് അപകടക്കെണിയാണ് ദേവികുളം ഗ്യാപ് റോഡ്. നിർമാണം പൂർത്തിയാകാത്ത റോഡും നിനച്ചിരിക്കാതെ എത്തുന്ന മൂടൽമഞ്ഞുമാണ് ഗ്യാപ് റോഡിനെ വില്ലനാക്കുന്നത്. വർഷങ്ങൾ നീണ്ട നിർമാണംകൊണ്ട് വീതിയേറെ ഉണ്ടെങ്കിലും അപകടം ഒളിഞ്ഞിരിക്കുന്നിടമാണ് ഗ്യാപ് റോഡ്. കോടികളുടെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഈ ഭാഗത്ത് റോഡിൽ റിഫ്ലക്ടറുകളോ ദിശാസൂചക ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. മഞ്ഞിറങ്ങുമ്പോൾ റോഡിന്‍റെ അതിര് അറിയാതെ പരിചയമുള്ള ഡ്രൈവർമാർ വരെ വിഷമിക്കാറുണ്ട്. ഇന്നലെ അപകടമുണ്ടായ ഭാഗത്ത് വലിയ വളവാണ്. ഇവിടെ ക്രാഷ് ബാരിയറും സ്ഥാപിച്ചിട്ടില്ല. ഇവിടെ നിന്നാണ് കാർ താഴേക്ക് മറിഞ്ഞത്. മറ്റ് ജില്ലകളിൽനിന്ന്​ എത്തുന്നവർ വീതിയേറിയ റോഡ് കാണുമ്പോൾ വേഗത വർധിപ്പിക്കാൻ ശ്രമിക്കും. ഇതും അപകടത്തിന് കാരണമാകുന്നുണ്ട്. മുമ്പും ചെറുതും വലുതുമായ അപകടങ്ങൾ മേഖലയിൽ ഉണ്ടായിട്ടുണ്ട്. മുൻകാലങ്ങളിൽ ദേശീയ പാതയിലെ ഏറ്റവും ഇടുങ്ങിയ ഭാഗമായിരുന്നു ഈ ഭാഗം. അങ്ങനെയാണ് ഗ്യാപ് റോഡ് എന്ന പേര് വന്നതും. ഇതിന് പരിഹാരമായിട്ടാണ് വീതികൂട്ടിയത്. എന്നിട്ടും അപകടം വർധിക്കുന്നതിൽ ആശങ്കയിലാണ് നാട്ടുകാർ. ചിത്രം 1 മൂന്നാർ ഗ്യാപ്​ റോഡിൽ നടന്ന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന നാട്ടുകാരും പൊലീസും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.