തേക്കടിയിൽ സഞ്ചാരികളിൽനിന്ന്​ പണംവാങ്ങി വനപാലകർ ദുരിതം വിൽക്കുന്നു

കുമളി: തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികളിൽനിന്ന്​ വിവിധ ഇനങ്ങളിൽ തുക വാങ്ങിയെടുത്തശേഷം വനപാലകർ തിരികെനൽകുന്നത് ദുരിതം മാത്രം. കോവിഡിനുശേഷം ഉണർന്ന വിനോദസഞ്ചാര മേഖലയിൽനിന്ന്​ സഞ്ചാരികളെ ആട്ടിയോടിക്കുന്ന നടപടികളാണ് വനപാലകർ തുടരുന്നതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. പൊതു ഒഴിവ്​ ദിനങ്ങളിലാണ് തേക്കടിയിൽ വിനോദസഞ്ചാരികളുടെ വലിയ തിരക്കുള്ളത്. തേക്കടിയിലെത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം പോലും നൽകാതെയാണ് വനംവകുപ്പിന്‍റെ നടപടി. വെളിച്ചമില്ലാതെ, ദുർഗന്ധം നിറഞ്ഞ് വൃത്തിഹീനമായ ശൗചാലയങ്ങളും വൃത്തിയില്ലാത്ത കോഫീ ഷോപ്പുമെല്ലാം സഞ്ചാരികളെ വിഷമത്തിലാക്കുന്നു. ശൗചാലയം വൃത്തിയാക്കാൻ ജീവനക്കാരില്ലാത്തതും ആവശ്യത്തിന് ക്ലീനിങ്​ സാധനങ്ങൾ വാങ്ങിനൽകാത്തതുമാണ് പ്രശ്നങ്ങൾക്ക് കാരണം. ദുർഗന്ധം കാരണം ശൗചാലയത്തിന്‍റെ പരിസരത്തേക്കുപോലും പോകാനാകാത്ത സ്ഥിതിയായതോടെ സഞ്ചാരികൾ പലരും ഗതികെട്ട് കാടുകയറി. സഞ്ചാരികളെക്കൊണ്ട് ശനി, ഞായർ ദിവസങ്ങളിൽ തേക്കടി നിറഞ്ഞതോടെ ജീവനക്കാരും സ്ഥലംവിട്ടു. സഞ്ചാരികളുടെ പരാതികേൾക്കാൻപോലും ആളില്ലാതായി. ബോട്ട് ലാൻഡിങ്ങിൽ അപകട ഭീതി ഉയർത്തി മരക്കൊമ്പ് ഒടിഞ്ഞുതൂങ്ങി കിടക്കുന്നത് നാട്ടുകാർ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഇത് വെട്ടിനീക്കാൻ നടപടിയൊന്നും ഉണ്ടായില്ല. മരക്കൊമ്പ് മുറിക്കാൻ ജീവനക്കാരും കയറും ഇല്ലാത്തതാണ് സഞ്ചാരികളെ മുൾമുനയിൽ നിർത്തിയ മരക്കൊമ്പ് നീക്കുന്നതിന് തടസ്സമായത്. തേക്കടിയിലെത്തുന്ന സഞ്ചാരികൾക്ക് ഏക ആശ്രയമായ ജീവനക്കാരുടെ സൊസൈറ്റി വക ലഘുഭക്ഷണശാലയുടെ നിലയും ഏറെ ശോചനീയം. പരിസരം മുഴുവൻ ചപ്പുചവറുകൾ നിറഞ്ഞും ആവശ്യത്തിന് ജീവനക്കാരില്ലാതെയും ഇവിടെനിന്ന്​ സഞ്ചാരികൾക്ക് ലഭിക്കുന്നത് ദുരിതം മാത്രം. തേക്കടിയിലെത്തുന്ന സഞ്ചാരികളിൽനിന്ന്​ 65 രൂപയാണ് പ്രവേശന-ബസ്​ ടിക്കറ്റ് നിരക്കായി വനംവകുപ്പ് ഈടാക്കുന്നത്. ഇത് നൽകി തേക്കടിയിലെത്തുന്ന സഞ്ചാരികളിൽ പലർക്കും ബോട്ട് ടിക്കറ്റ് ലഭിക്കാറില്ല. തിരക്കേറിയ ഘട്ടത്തിൽ ബോട്ട് ടിക്കറ്റുകൾ ചിലർ ഇടപെട്ട് മൊത്തമായി കൈക്കലാക്കുന്നതാണ് സഞ്ചാരികൾക്ക് ബോട്ട് സവാരിക്കുള്ള അവസരം നഷ്ടമാക്കുന്നത്. മണിക്കൂറുകളോളം കാത്തുനിന്ന് ടിക്കറ്റ് കിട്ടാതെ മടങ്ങുന്ന സഞ്ചാരികളിൽ പലരും ഇനിയൊരിക്കലും തേക്കടിയിലേക്കില്ലെന്ന് രോഷത്തോടെ വിളിച്ചുപറഞ്ഞാണ് ഞായറാഴ്ച മടങ്ങിപ്പോയത്. ...... cap: തേക്കടിയിലെ ദുർഗന്ധം നിറഞ്ഞ ശൗചാലയം. cap: തേക്കടിയിലെ ഏക. ലഘുഭക്ഷണശാലയുടെ പരിസരം. Cap: മരക്കൊമ്പ് ഒടിഞ്ഞുവീഴാറായതിനെ തുടർന്ന് ബോട്ടിലെ സാമഗ്രഹികൾ ഉപയോഗിച്ച് റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു. .....

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.