വന്ധ്യംകരണം പ്രഹസനം; തെരുവുനായ്ക്കള്‍ പെരുകുന്നു

അടിമാലി: ഗ്രാമപഞ്ചായത്ത് മോണിറ്ററിങ് സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന നായ്ക്കള്‍ക്കുള്ള വന്ധ്യംകരണ ശസ്ത്രക്രിയ പ്രഹസനമാകുന്നു. ഇതോടെ തെരുവോരത്ത് നായ്ക്കള്‍ പെറ്റുപെരുകുന്നതായി പരാതി. തെരുവുനായ്ക്കളുടെ പ്രജനനത്തിനെതിരെ ഗ്രാമപഞ്ചായത്തുകളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പിലാക്കിയ വന്ധ്യംകരണ ശസ്ത്രക്രിയ പദ്ധതിയാണ് പ്രഹസനമായത്. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ മോണിറ്ററിങ് സമതി രൂപവത്​കരിച്ച് അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി ജില്ല മൃഗസംരക്ഷണ വകുപ്പിന്‍റെ സാന്നിധ്യത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക്​ വിധേയമാക്കിയിരുന്നു. പദ്ധതി ആവിഷ്‌കരിച്ച ആദ്യവര്‍ഷങ്ങളില്‍ നായ്ക്കളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍, സമിതിയുടെ പിന്നീടുള്ള പ്രവര്‍ത്തനം നിലച്ചു. തെരുവോരത്ത് നായ്ക്കള്‍ വീണ്ടും പെറ്റുപെരുകാന്‍ തുടങ്ങി. പദ്ധതി നിലച്ചതോടെ തെരുവോരങ്ങള്‍ നായ്ക്കളുടെ വിഹാരകേന്ദ്രമായി. അടിമാലി, മൂന്നാര്‍, മറയൂര്‍, മാങ്കുളം, വാത്തികുടി, കൊന്നത്തടി, രാജാക്കാട്, രാജകുമാരി, ദേവികുളം, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ നായ്ക്കളുടെ ശല്യം ഏറിവരുകയാണ്. പുലര്‍ച്ച വ്യായാമത്തിന് ഇറങ്ങുന്നവര്‍ മുതല്‍ ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് വരെ നായ്ക്കളുടെ ഉപദ്രവം നേരിടേണ്ടിവരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, സ്‌കൂള്‍, ആശുപത്രി പരിസരം, അറവ് ശാലകളുടെ പരിസരം, അറവ് മാലിന്യം കൂട്ടിയിടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ തെരുവുനായ്ക്കള്‍ കൂട്ടമായാണ് തമ്പടിക്കുന്നത്. പേവിഷബാധ ഗ്രാമപഞ്ചായത്തുകളും മൃഗസംരക്ഷണ വകുപ്പും പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ്​ പൊതുജനങ്ങളുടെ ആവശ്യം. വിദ്യാലയങ്ങള്‍ തുറക്കാന്‍ സമയമായതോടെ പൊതുറോഡുകളും ഇടവഴികളും കീഴടക്കി തെരുവുനായ്ക്കള്‍ പെരുകിയത്​ രക്ഷിതാക്കളിൽ ആശങ്ക ഉയർത്തുനു. തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കാന്‍ പഞ്ചായത്തുകള്‍ കാലാകാലങ്ങളില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതികളെല്ലാം തന്നെ കടലാസിലൊതുങ്ങി. സര്‍ക്കാര്‍ ഓഫിസുകളും കടത്തിണ്ണകളും സ്‌കൂളുകളും വരെ കേന്ദ്രീകരിച്ച്​ തെരുവുനായ്ക്കള്‍ പെരുകിയിരിക്കുകയാണ്. Box ഭക്ഷണാവശിഷ്ടം തള്ളല്‍ വ്യാപകം കൊച്ചി-ധനുഷ്‌കോടി, അടിമാലി- കുമളി ദേശീയപാതകളുടെ വശങ്ങളില്‍ ഹോട്ടല്‍ മാലിന്യവും ഇറച്ചിക്കടകളില്‍നിന്നുള്ള മാംസാവശിഷ്ടങ്ങളും രാത്രിയില്‍ വ്യാപകമായി നിക്ഷേപിക്കാറുണ്ട്. ഇത്​ ഭക്ഷിക്കാനാണ്​ റോഡുകളില്‍ തെരുവുനായ്ക്കള്‍ കൂട്ടമായെത്തുന്നത്. റോഡുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പഞ്ചായത്തുകളുടെ നടപടി പലപ്പോഴും കാര്യക്ഷമമാകുന്നില്ല. പഞ്ചായത്തുകള്‍ എല്ലാവര്‍ഷവും ബജറ്റ് അവതരിപ്പിക്കുമ്പോള്‍ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിന്​ തുക വകകൊള്ളിക്കാറുണ്ടെങ്കിലും തുടർ നടപടി ഉണ്ടാകാറില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.