സേവ്യർ പുൽപാട്ട്
ആലുവ: 70ാം വയസ്സിലും നാടകരംഗത്ത് സജീവമാണ് കേരള സംഗീത നാടക അക്കാദമി മുൻ ആക്ടിങ് ചെയർമാൻ കൂടിയായ സേവ്യർ പുൽപാട്ട്. ആലുവ സ്വദേശിയായ പുൽപാട്ട് ഇതിനകം 65 നാടകം എഴുതിയിട്ടുണ്ട്. 15ാം വയസ്സിൽ ‘വേദനിക്കുന്ന ആത്മാക്കൾ’ നാടകത്തിൽ അഭിനയിച്ചാണ് രംഗപ്രവേശം. 1977ൽ മൈത്രി കലാകേന്ദ്രം തുടങ്ങി. നാടക രചനക്ക് പുറമെ നിർമാണം, സംവിധാനം, അഭിനയം എന്നീ രംഗത്തേക്കും കടന്നു. അന്തരിച്ച നടൻ എൻ.എഫ്. വർഗീസ്, പ്രമുഖ തിരക്കഥാകൃത്തുക്കളായ ജെ. പള്ളാശ്ശേരി, ബാബു പള്ളാശ്ശേരി എന്നിവരൊക്കെ ഒരുകാലത്ത് മൈത്രി കലാകേന്ദ്രത്തിലെ നടന്മാരായിരുന്നു. ആറായിരത്തിലേറെ വേദികളിലാണ് മൈത്രിയുടെ നാടകങ്ങൾ അരങ്ങേറിയത്. 17 പുസ്തകങ്ങൾ എഴുതി. 15ഉം നാടകങ്ങളാണ്.
സംസ്ഥാന നാടക അവാർഡ്, സംഗീത നാടക അക്കാദമി അവാർഡ്, അബൂദബി ശക്തി അവാർഡ് തുടങ്ങി നിരവധി പുരസ്കാരം നേടിയിട്ടുണ്ട്. നാടകംകൊണ്ടാണ് ഉപജീവനം തേടിയിരുന്നത്. ആത്മാർഥതയോടെയും ശരിയായ വീക്ഷണത്തോടെയും മുന്നോട്ടു നീങ്ങിയാൽ നാടക സമിതികൾ വിജയിക്കുമെന്ന് സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി പുൽപാട്ട് പറയുന്നു. ഇപ്പോൾ ഏതാനും നാടകങ്ങളുടെ രചനയിലാണ്. ഭാര്യ ലത കൂത്താട്ടുകുളവും നാടക നടിയായിരുന്നു. കുറേനാൾ കെ.പി.എ.സിയിലും പ്രവർത്തിച്ചു. ഗൾഫിൽ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ സോണിയയാണ് മകൾ. മകൻ സാംസൻ ഐ.ടി മേഖലയിലാണ്.
പുൽപാടിന്റെ പ്രഫഷനൽ നാടക ജീവിതത്തിന്റെ 50ാം വാർഷികം ഞായറാഴ്ച ആലുവ ടാസ് ഹാളിൽ ആഘോഷിക്കുന്നുണ്ട്. സംഗീത നാടക അക്കാദമിയുടെ ആക്ടിങ് ചെയർമാനായിരിക്കെ കോവിഡിനെത്തുടർന്ന് പ്രതിസന്ധിയിലായ നാടക സമിതികളെ പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹം ധനസഹായ പദ്ധതിയും മറ്റും നടപ്പാക്കിയിരുന്നു. ഒട്ടേറെ നാടക കലാകാരന്മാർക്ക് ഇത് സഹായകമായി. കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സംസ്ഥാന പ്രസിഡന്റ്, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം എന്നീ പദവികളും വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.