കാക്കനാട് -തങ്കളം ഹൈവേയുടെ രൂപരേഖ
കൊച്ചി: സാങ്കേതികത്വത്തിൽ കുരുങ്ങി കാക്കനാട്-തങ്കളം നാല് വരിപാത നിർമാണം തടസ്സപ്പെടുന്നു.ജില്ലയിലെ നാല് നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന നിർദിഷ്ട കാക്കനാട്- തങ്കളം ഹൈവേയാണ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് ശേഷം വിസ്മൃതിയിലാകുന്നത്. പദ്ധതിക്കായി കോതമംഗലം നിയോജക മണ്ഡലത്തിൽ ബൈപാസ് അടക്കം നിർമിച്ചെങ്കിലും മറ്റിടങ്ങളിൽ ഒന്നും നടന്നില്ല.
നിലവിൽ പദ്ധതി നടപ്പാക്കൽ പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥരെന്നും അറിയുന്നു. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ മനക്കകടവിൽനിന്ന് ആരംഭിച്ച് കോതമംഗലം നിയോജക മണ്ഡലത്തിലെ തങ്കളത്ത് അവസാനിക്കുന്ന തരത്തിൽ റോഡെന്ന ആശയം രൂപപ്പെടുന്നത് 2006ലാണ്. ജില്ലയുടെ കിഴക്കൻ മേഖലയുടെ വികസനത്തോടൊപ്പം ഇടുക്കി ജില്ലയിലെ മൂന്നാർ അടക്കമുള്ള ടൂറിസം മേഖലയിലേക്ക് ദൈർഘ്യം കുറക്കുക എന്നതും ബലമേകി.
നിലവിൽ കൊച്ചി നഗരത്തിൽനിന്നും 60 കിലോമീറ്ററുള്ള കോതമംഗലത്തേക്ക് ഈ പാത യാഥാർഥ്യമാകുന്നതോടെ 27.32 കി.മീറ്ററായി ദൂരം കുറയുമെന്നും കണക്കാക്കപ്പെട്ടു. ഇതിനായി 2009ൽ സർക്കാർ ഭരണാനുമതി നൽകി. പാത പൂർത്തിയാക്കുന്നതിന് 1082 കോടി രൂപ ചെലവും കണക്കാക്കി. 2006 ൽ ഉപഗ്രഹ സർവേ പൂർത്തിയാക്കി 2009 ൽ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് ആദ്യമായി സർക്കാർ ഫണ്ട് അനുവദിക്കുന്നത് 2015 ലാണ്. അന്ന് സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു. തുടർന്ന് 2016-17 ലെ സംസ്ഥാന ബജറ്റിൽ മറ്റൊരു 67 കോടിയും അനുവദിച്ചു. ഈ തുക ഉപയോഗിച്ചാണ് കോതമംഗലത്ത് സ്ഥലമേറ്റെടുക്കലും റോഡ് നിർമാണവുമൊക്കെ നടത്തിയത്.
ഭരണാനുമതി കിട്ടി ഒന്നര പതിറ്റാണ്ടോടടുക്കുമ്പോൾ പദ്ധതിക്കായി ആകെ ഏറ്റെടുത്തത് 3.52 ഹെക്ടർ ഭൂമിയാണ്. 25.32 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിടത്താണിത്. ജനപ്രതിനിധികളുടെ താൽപര്യക്കുറവും ഉദ്യോഗസ്ഥരുടെ അലംഭാവവുമാണ് ഇതിന് കാരണം.നാല് നിയമസഭ മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന ഹൈവേക്ക് വേണ്ടി ഇക്കാര്യത്തിൽ വ്യത്യസ്തമായ ഇടപെടൽ നടന്നത് കോതമംഗലം നിയോജക മണ്ഡലത്തിലാണ്. എന്നാൽ, പാത ഏറ്റവും കൂടുതൽ കടന്നുപോകുന്ന കുന്നത്തുനാട്(17 കി.മീ), പെരുമ്പാവൂർ(1.26 കിമീ), മൂവാറ്റുപുഴ(1.74 കി.മീ) എന്നിവിടങ്ങളിൽ കാര്യമായ യാതൊരു ഇടപെടലും നടന്നില്ല.അക്കാലങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കടുത്ത അനാസ്ഥയാണ് വരുത്തിയത്. തുടർന്ന് വന്നവരാകട്ടെ സജീവമായ ഇടപെടലിന് ശ്രമിച്ചുമില്ല.
തങ്കളം-കാക്കനാട് നാലുവരി പാതയുടെ പ്രവർത്തനങ്ങൾ ഒരു വശത്ത് ഇഴഞ്ഞ് നീങ്ങവേയാണ് 2016 മുതൽ കാക്കനാട്-മൂവാറ്റുപുഴ നാലുവരി പാത ആവശ്യം സജീവമായത്. തങ്കളം-കാക്കനാട് നാലുവരി പാതക്കായുളള പ്രവർത്തനങ്ങൾ ആരംഭിക്കുകയും കോതമംഗലത്ത് ഇതിന്റെ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തതോടെ ഇത് വിസ്മൃതിയിലായി. എന്നാൽ, തങ്കളം-കാക്കനാട് പാത ഫീസിബിലിറ്റിയില്ലെന്ന് വിലയിരുത്തി പ്രവർത്തനങ്ങൾ നിലച്ചതോടെയാണ് വീണ്ടും കാക്കനാട്-മൂവാറ്റുപഴ നാലുവരി പാതക്ക് ജീവൻ െവച്ചത്. പുതിയ പാതയുടെ ഡിസൈൻ പ്രവൃത്തികൾ പുരോഗമിക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.