മൂവാറ്റുപുഴ: യുവാവിനെ വീട്ടിൽക്കയറി വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിലായി. പുന്നമറ്റം നടേപ്പറമ്പിൽ വീട്ടിൽ റിയാസ് (28), ഓണേലിക്കുടിയിൽ വീട്ടിൽ നിഷാദ് (36) എന്നിവരെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വെങ്ങോല സ്വദേശി ഷിഹാബ് അലിക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് കമന്റിട്ടതിനെ ചൊല്ലിയുണ്ടായ മുൻവൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ പരിക്കേറ്റ യുവാവിന്റെ അളിയൻ റഷീദ് കമന്റിട്ടതിനെ ചൊല്ലി നേരത്തേ തർക്കമുണ്ടാവുകയും അത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. അന്ന് മർദനത്തിൽ റഷീദിന് പരിക്കേറ്റു. ഇത് ഷിഹാബ് അലി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പ്രതികൾ ചേർന്ന് പടിഞ്ഞാറെ പുന്നമറ്റത്തുള്ള റഷീദിന്റെ വാടകവീട്ടിൽ അതിക്രമിച്ചുകയറി അവിടെ ഉണ്ടായിരുന്ന ഷിഹാബ് അലിയെ കഴുത്തിന് കുത്തുകയായിരുന്നു. തടയാൻ ചെന്ന ഇയാളുടെ ഭാര്യയെയും ആക്രമിച്ചു. റിയാസ് നേരത്തേ മയക്കുമരുന്ന് കേസിലെ പ്രതിയാണ്. നിഷാദിനെതിരെ നാല് കേസുണ്ട്. ഇൻസ്പെക്ടർ പി.എച്ച്. സമീഷ്, എസ്.ഐമാരായ എം.സി. എൽദോസ്, കെ.ടി. സാബു, എ.എസ്.ഐമാരായ വി.സി. സജി, മനോജ്, സി.പി.ഒമാരായ കെ.എ. നിയാസുദ്ദീൻ, എന്‍.യു. ദയേഷ്, ദീപു പി. കൃഷ്ണന് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.