സ്കൂൾ വിപണി: പഠനോപകരണങ്ങൾക്ക് തീവില

മൂവാറ്റുപുഴ: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ നോട്ട്ബുക്ക് അടക്കം പഠനോപകരണങ്ങൾക്കെല്ലാം പൊള്ളുന്ന വിലയാണ്.

ബുക്ക് മുതൽ പേന വരെയുള്ളവക്ക് വില വർധിച്ചതോടെ സാധാരണക്കാർ വലയുകയാണ്. നോട്ട്ബുക്കിന് അഞ്ച് മുതൽ ഏഴു രൂപ വരെയാണ് വർധന. പേനക്ക് രണ്ട് മുതൽ മൂന്നു രൂപ വരെയും കൂടി. ഇൻസ്ട്രുമെന്റ് ബോക്സിന് 10 രൂപയുടെ വർധനയുണ്ട്. ബാഗിനും കുടകൾക്കുമെല്ലാം 25 ശതമാനത്തിലേറെ വില വർധിച്ചിട്ടുണ്ട്. പേപ്പർ ക്ഷാമം ഉണ്ടായതാണ് ബുക്കുകളുടെ വിലവർധനക്ക് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

സ്കൂൾ യൂനിഫോമിന്‍റെ വിലയും കൂടിയിട്ടുണ്ട്. തയ്യൽ കൂലിയിലും വർധനയുണ്ട്. ഷർട്ട്- 300, പാന്റ്- 400, ചുരിദാർ- 400 എന്നിങ്ങനെയാണ് കൂലിയിലെ വർധന. എന്നാൽ, പെൻസിലിന്‍റെ വില മാത്രം വർധിച്ചിട്ടില്ല. നാലുവർഷം മുമ്പുള്ള വിലതന്നെയാണ് പെൻസിലിനുള്ളത്.

അറിവ് നിർമിച്ചും പങ്കുവെച്ചും ശ്രദ്ധേയമായി അധ്യാപക പരിശീലനം

കോലഞ്ചേരി: അറിവ് നിർമിച്ചും പങ്കുവെച്ചും അവധിക്കാല അധ്യാപക പരിശീലനം ശ്രദ്ധേയമായി. 'അക്കാദമിക മികവ് വിദ്യാലയമികവ്' എന്ന മുദ്രാവാക്യവുമായി നടത്തിയ അവധിക്കാല അധ്യാപക പരിശീലനമാണ് വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായത്. പുതിയ അധ്യയന വർഷം പൊതുവിദ്യാലയങ്ങളെ മികവിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഒന്നാം ക്ലാസ് മുതലുള്ള മുഴുവൻ അധ്യാപകർക്കും ആറുദിവസത്തെ സമഗ്ര പരിശീലനം നൽകുന്നത്.

കോവിഡ് സാഹചര്യത്തിൽ രണ്ടുവർഷത്തെ അവധിക്കാലസമാനമായ ദിനങ്ങൾ വീടുകളിലിരുന്ന് ചെലവഴിച്ചതിനെത്തുടർന്ന് കുട്ടികളിലുണ്ടായ പഠനവിടവുകൾ പരിഹരിച്ച്, ഓരോ കുട്ടിയെയും അക്കാദമിക മികവുകളിലേക്ക് കൈപിടിച്ചുയർത്തുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുകയാണ് പരിശീലന ലക്ഷ്യം. രണ്ടു ഘട്ടത്തിലായി നടക്കുന്ന പരിശീലനത്തിൽ ആദ്യഘട്ടമായി ഇ-ക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബിന്റെ സോഫ്റ്റ് വെയർ പരിചയപ്പെടുത്തി. ഒന്നു മുതൽ എട്ടാം ക്ലാസുവരെ മുഴുവൻ കുട്ടികൾക്കും മികച്ച രീതിയിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. രണ്ടാം ഘട്ടത്തിൽ വിദ്യാലയത്തിന്റെ അക്കാദമിക മികവിന് സഹായകമാകുന്ന തരത്തിൽ അധ്യാപകരുടെ വൈജ്ഞാനിക വികാസത്തിനു ഉപകരിക്കുന്ന മൊഡ്യൂളുകളും പരിചയപ്പെടുത്തി. കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലും മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലുമായി നടന്ന പരിശീലന പരിപാടിക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ. സജിത് കുമാർ, ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ ഡാൽമിയ തങ്കപ്പൻ, അധ്യാപകരായ സൂസൻ തോമസ്, എം.ജി. മഞ്ജുള, ഷിന്റു ജോൺ, പി.കെ. ചന്ദ്രിക എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - School market issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.