പട്ടിമറ്റത്തിനടുത്ത് അത്താണിയിൽ പെരിയാർവാലി കനാൽ ക്രോസിങ്ങിലെ അപകടസാധ്യത
മേഖല
പട്ടിമറ്റം: തേക്കടി - എറണാകുളം സംസ്ഥാനപാതയിൽ പട്ടിമറ്റത്തിനടുത്ത് അത്താണിയിൽ പെരിയാർവാലി കനാൽ ക്രോസിങിൽ അപകടം പതിയിരിക്കുന്നു. സംരക്ഷണ ഭിത്തിയില്ലാത്തതാണ് ഭീഷണി. അടുത്തയടെ ഇവിടെ നിയന്ത്രണം വിട്ട കാർ കനാലിലേയ്ക്ക് വീണ് സമീപവാസി മരിച്ചു. അതിനുമുമ്പ് തൃപ്പൂണിത്തുറക്കാരായ കുടുംബം സഞ്ചരിച്ച കാർ കനാലിൽ വീണെങ്കിലും ആളപായമുണ്ടായില്ല.
കനാലിന്റെ ഏറ്റവും താഴ്ചയേറിയ ഭാഗമായ ഇവിടെ റോഡ് നിരപ്പിൽ നിന്ന് മുപ്പതടിയിലേറെ താഴ്ചയിലാണ് കനാലൊഴുകുന്നത്. മലയോര മേഖലകളിൽ നിന്ന് ജില്ലാ ഭരണസിരാ കേന്ദ്രമായ കാക്കനാട്ടേക്കെത്തുന്ന എളുപ്പ വഴിയാണിത്. സ്കൂൾ ബസുകളും ടൂറിസ്റ്റ് വാഹനങ്ങളുമടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. മൂവാറ്റുപുഴയിൽ നിന്ന് വണ്ടർലായിലേയ്ക്കുള്ള എളുപ്പവഴി കൂടിയാണ്.
വഴിയെക്കുറിച്ചും കനാലിനെക്കുറിച്ചും കൃത്യമായ ധാരണയില്ലാത്തവർ ഈ വഴി വന്നാൽ ഇവിടെ അപകടത്തിൽപെടാനുള്ള സാദ്ധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം കനാലിനു സമീപത്തെ കാടുകൾ വെട്ടി മാറ്റിയതോടെ വീണ്ടും അപകട സാദ്ധ്യതയേറി. പാലത്തിന് രണ്ടു വശവും വീതി കൂടിയ റോഡാണ്. പാലത്തിലെത്തുമ്പോൾ റോഡ് ചുരുങ്ങുമെന്നറിയാതെ ഓവർടേക്ക് ചെയ്യുന്നവർ അപകടത്തിൽപ്പെടുന്നു.
മനക്കക്കടവ് - നെല്ലാട് റോഡ് വികസനത്തിന്റെ ഭാഗമായി റോഡ് പുനർനിർമ്മാണ ജോലികൾ ആരംഭിക്കാനിരിക്കുകയാണ്. അതിന്റെ ഭാഗമായി കൈവരികൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.