കാക്കനാട്: പെരിയാർവാലി കനാൽ പുറമ്പോക്കിലെ താമസക്കാരെ കുടിയൊഴിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്റെ നേതൃത്വത്തിൽ കലക്ടർ ജാഫർ മാലിക്കിനെ സന്ദർശിച്ചു. കനാൽ പുറമ്പോക്കിൽ അനധികൃതമായി താമസിക്കുന്നതിനാൽ ജലസേചന വകുപ്പ് ആവശ്യപ്പെട്ടാൽ ഇവർ ഒഴിയേണ്ടി വരുമെന്ന് കലക്ടർ പറഞ്ഞു. ഇവരെ ഏറ്റെടുത്ത് പുനരധിവാസം ഉറപ്പാക്കാൻ നഗരസഭ ശ്രമിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു.
സർക്കാർ ഇടപെട്ട് ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നായിരുന്നു നഗരസഭ ആവശ്യം. എന്നാൽ, കാക്കനാട് തന്നെയുള്ള കീരേലിമല കോളനിവാസികളുടെ പുനരധിവാസം സംബന്ധിച്ച് തന്നെ അനിശ്ചിതത്വം തുടരുന്ന ഈ സാഹചര്യത്തിൽ ഇത് പ്രാവർത്തികമല്ല എന്ന് കലക്ടർ വിശദീകരിച്ചു. വാർഡ് കൗൺസിലർ ഷാജി വാഴക്കാല, പ്രശ്നബാധിതരുടെ പ്രതിനിധികൾ എന്നിവരായിരുന്നു കലക്ടറെ കണ്ടത്.
തുടർന്ന് പെരിയാർവാലി വിവാദം തുടർന്ന് സ്ഥലത്തെത്തിയ ഇറിഗേഷൻ വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഫെബിയോടും വിഷയത്തിൽ ചർച്ച ചെയ്തു. കനാൽ പോകുന്ന നഗരസഭയുടെ 28, 35 വാർഡുകളെ ഒഴിവാക്കി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനും അതിനുശേഷം സർക്കാറിൽനിന്ന് അനുകൂല പാക്കേജ് ലഭിക്കുന്ന മുറക്ക് ഈ ഭാഗങ്ങളിലും തുടരാമെന്നും നഗരസഭ അധികൃതർ നിർദേശിച്ചു. അതിനു മുന്നോടിയായി അടിയന്തര കൗൺസിൽ യോഗം ചേർന്ന് ഇക്കാര്യത്തിൽ പ്രമേയം തയാറാക്കി ഇറിഗേഷൻ വകുപ്പിനു നൽകാമെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.