അമിതഭാരം കയറ്റിയ കൽക്കരി ലോറികൾക്ക് പിഴ 75,000

കാക്കനാട്: അമിതഭാരം കയറ്റിയ ലോറികൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. തമിഴ്നാട്ടിൽനിന്ന് ഏലൂരിലേക്ക് വന്ന അഞ്ച് ലോറികൾക്ക് വൻ തുക പിഴ ഈടാക്കി.

75,000 രൂപയായിരുന്നു ഇവർക്ക് പിഴ ചുമത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. തമിഴ്നാട് തൂത്തുക്കുടിയിൽനിന്നാണ് കൽക്കരിയുമായി എത്തിയത്. ഏലൂർ സി.എം.ആർ.എല്ലിലേക്ക് കൊണ്ടുവന്ന ലോറികളിൽ 13 ടൺ അധികം കൽക്കരിയായിരുന്നു ഉണ്ടായിരുന്നത്. അമിതഭാരം കയറ്റി ലോറികൾ എത്തുന്നത് പതിവ് സംഭവം ആണ്.

ഇതിനെതിരെ കോടതിയിൽ കേസും നിലവിലുണ്ട്. കേസിൽ ഉൾപ്പെട്ട ലോറികൾ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് എറണാകുളം എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ. അനന്തകൃഷ്ണന്‍റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. അഞ്ച് ലോറികളും സി.എം.ആർ.എല്ലിന് അടുത്തുള്ള പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. മോട്ടോർ വാഹന വകുപ്പ് അധികൃതരെ കണ്ടതോടെ ലോറി ഡ്രൈവർമാർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.

തുടർന്ന് ആർ.ടി.ഒ, എം.വി.ഐ ബിജോയ് പീറ്റർ, എ.എം.വി.ഐ മാരായ ടി.എസ്. സജിത്ത്, ആർ. രാജേഷ്, ജോബിൻ എം. ജേക്കബ് എന്നിവർ ലോറികൾ ഓടിച്ച് സമീപത്തെ വെയ് ബ്രിഡ്ജിൽ എത്തിച്ച് തൂക്കി നോക്കിയപ്പോഴാണ് അമിതഭാരം കണ്ടെത്തിയത്. നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന് ആർ.ടി.ഒ വ്യക്തമാക്കി. അമിതഭാരം കയറ്റിയത് പിടിക്കപ്പെടാതിരിക്കാൻ ഇടവഴികളിലൂടെയാണ് അതിർത്തി കടന്നതെന്നാണ് അധികൃതരുടെ നിഗമനം.

Tags:    
News Summary - Overweight coal lorries fined Rs 75,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.