കക്കടാശ്ശേരി-കാളിയാർ റോഡിലെ പടിഞ്ഞാറെ പുന്നമറ്റത്തെ റോഡരികിലെ പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കുന്നു
മൂവാറ്റുപുഴ: നവീകരണം പൂർത്തിയായ കക്കടാശ്ശേരി-കാളിയാർ റോഡിലെ പടിഞ്ഞാറെ പുന്നമറ്റത്തെ റോഡരികിലെ പുറമ്പോക്ക് ഭൂമി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഒഴിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് കെ.എസ്.ടി.പി എക്സി. എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഒഴിപ്പിച്ചത്. പോത്താനിക്കാട് സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയത്.
പടിഞ്ഞാറെ പുന്നമറ്റത്തെ 2.25 മീറ്റർ റോഡരികിലെ പുറമ്പോക്ക് ഭൂമിയാണ് ഒഴിപ്പിച്ചത്. പുറമ്പോക്ക് കൈയ്യേറി നിർമിച്ച സ്വകാര്യ വ്യക്തികളുടെ വീടിന്റെ മതിലുകൾ ഉൾപ്പെടെ പൊളിച്ചുമാറ്റി. റോഡ് വികസനത്തിന്റെ ഭാഗമായി പുറമ്പോക്ക് ഏറ്റെടുക്കാൻ ഹൈകോടതി ഉത്തരവിടുകയും പ്രദേശത്തെ പുറമ്പോക്ക് കൈവശക്കാരും മറ്റ് സ്വകാര്യ വ്യക്തികളും മാസങ്ങൾക്ക് മുമ്പ് ഭൂമി വിട്ടു നൽകുകയും ചെയ്തിരുന്നു. എന്നാൽ, പുറമ്പോക്ക് ഏറ്റെടുക്കലിനെതിരെ പ്രദേശവാസികളായ മൂന്നു പേർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇതിനെതിരെ കക്കടാശേരി-ഞാറക്കാട് റോഡ് വികസന സമിതി ഹൈകോടതിയെ സമീപിച്ചതോടെയണ് പുറമ്പോക്ക് ഒഴിപ്പിക്കാൻ കെ.എസ്.ടി.പിക്ക് വീണ്ടും ഉത്തരവ് നൽകിയത്. പുറമ്പോക്ക് ഭൂമി ലഭ്യമായതോടെ റോഡിലെ അപകടസാധ്യത കുറക്കാനാവുമെന്ന് കക്കടാശ്ശേരി-ഞാറക്കാട് റോഡ് ന സമിതി ചെയർമാൻ ഷിബു ഐസക്ക്, കൺവീനർ എൽദോസ് പുത്തൻപുര എന്നിവർ പറഞ്ഞു. പുന്നമറ്റം ഭാഗത്തെ കൊടുംവളവും വെള്ളക്കെട്ടും മൂലം ഉണ്ടാകുന്ന അപകട സാധ്യത ഒഴിവാക്കാൻ റോഡ് വികസിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.