മുഹമ്മദ് പറയുന്നു...ഈ തെളിനീർ എന്‍റെ ചോരയും നീരും

മൂവാറ്റുപുഴ: പരസഹായമില്ലാതെ വീടും കിണറും നിർമിച്ച് പേഴക്കാപ്പിള്ളി കൈനിക്കൽ മുഹമ്മദ്. രണ്ടുമാസത്തെ പ്രയത്നത്തിന് ഒടുവിൽ കഴിഞ്ഞദിവസം കിണറിൽ വെള്ളം കണ്ടു. ഇനി വീടുപണികൂടി പൂർത്തിയാക്കണം. അതിനുള്ള ഒരുക്കത്തിലാണ് മുഹമ്മദ്. ഏഴര സെന്റ് സ്വന്തമായുള്ള മുഹമ്മദ് രണ്ടുമാസം മുമ്പാണ് കിണർ നിർമാണത്തിന് തുടക്കം കുറിച്ചത്. ആദ്യം ആറടി താഴ്ത്തി. തുടർന്ന് ചെത്തിമിനുക്കി അരഞ്ഞാണവും ഒരുക്കി ചുറ്റുമതിലും പണിതു. ഇതിനുശേഷം വീണ്ടും കിണർ കുഴിക്കാൻ തുടങ്ങി. കുഴിക്കുന്ന മണ്ണ് പരസഹായമില്ലാതെ മുകളിലെത്തിക്കാനും ഇത് വീടിന്‍റെ തറയിൽതന്നെ എത്തിക്കാനും സംവിധാനം ഒരുക്കിയാണ് മുഹമ്മദ് പണിക്കിറങ്ങിയത്. കിണറിനുമുകളിൽ സ്കൂട്ടറിന്റെ മുൻ ചക്രം ഉപയോഗിച്ച് നിർമിച്ച കപ്പി വഴിയാണ് മണ്ണ് മുകളിലേക്ക് വലിച്ചുകയറ്റുന്നത്. മുകളിലെത്തുന്ന മണ്ണ് ഇവിടെ സ്ഥാപിച്ച ട്രോളിയിലേക്ക് മാറ്റും. ട്രോളി പ്രത്യേകം നിർമിച്ച റെയിലിലൂടെ നീക്കി തറയിലെത്തിക്കും. ഇവിടെ മണ്ണ്ട്രോളിയിലേക്ക് മാറ്റുന്നത് മുഹമ്മദിന്റ സഹധർമിണിയാണ്.

ഇവിടെ മാത്രമാണ് ഒരുകൈ സഹായം ആവശ്യമായി വരുന്നത്. ഇത്തരം ഒരുകിണർ നിർമിക്കണമെങ്കിൽ 70,000 രൂപ എങ്കിലും ചെലവുവരുമെന്ന് മുഹമ്മദ് പറയുന്നു. ഒരുരൂപപോലും ചെലവഴിക്കാതെയാണ് നിർമാണം പൂർത്തിയാക്കിയത്. ആകെ ചെലവ് വന്നത് ട്രോളിയും റെയിലും മറ്റും നിർമിക്കാനാണ്.

ഇതുപോലെ വീട് പണിയും പൂർത്തിയാക്കണം. ചുവരെഴുത്തും ഫ്ലക്സ് വർക്കുമായി കഴിയുന്ന മുഹമ്മദ് ഒഴിവുസമയമാണ് കിണർ നിർമാണത്തിനും മറ്റുമായി ചെലവഴിക്കുന്നത്. ആരോഗ്യമുണ്ടെങ്കിൽ ഏതുതൊഴിലും ചെയ്യാമെന്ന് മുഹമ്മദ് പറയുന്നു. വീട് നിർമാണമായതിനാൽ പുരയിടത്തിലെ താൽക്കാലിക ഷെഡിലാണ് ഏകമകനും ഭാര്യയും ഒത്ത് മുഹമ്മദ് കഴിയുന്നത്. ഒറ്റക്ക് കിണറും വീടും നിർമിക്കുന്ന മുഹമ്മദിന്‍റെ പ്രവൃത്തി കാണാൻ നിരവധി പേരാണ് എത്തുന്നത്.

Tags:    
News Summary - Muhammad says ... This fresh water is my blood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.