പഞ്ചായത്തുകളിലെ രാഷ്ട്രീയ ചലനങ്ങളിൽ മൂവാറ്റുപുഴ എങ്ങോട്ടൊഴുകും?

മൂവാറ്റുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നായ മൂവാറ്റുപുയിൽ ചിത്രം തെളിഞ്ഞു. നിലവിലെ സഭയിൽ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ശക്തമായ നിലപാടെടുത്ത കോൺഗ്രസിലെ മാത്യു കുഴൽനാടൻ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ അദ്ദേഹം തന്നെയാണ് യു.ഡി.എഫ് സ്ഥാനാർഥി. സി.പി.ഐ ജില്ലാ സെക്രട്ടറി കൂടിയായ എൻ. അരുണിനെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയിട്ടുള്ളത്. എൻ.ഡി.എയിൽ ട്വൻറി 20 സ്ഥാനാർഥി സണ്ണി കടൂത്താഴെയാണ്. സ്ഥാനാർഥി പ്രഖ്യാപനത്തോടെ മണ്ഡലത്തിൽ പ്രചാരണം ചൂടുപിടിച്ചു.

അരുൺ നേരത്തെ തന്നെ പ്രചരണത്തിൽ സജീവമായിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിൽ വന്ന കാലതാമസം മൂലം പ്രചാരണത്തിൽ അൽപം പിന്നിലായിരുന്ന കുഴൽനാടൻ ഇപ്പോൾ ഏതാണ്ട് ഒപ്പത്തിനൊപ്പം എത്തി. ഇരുവരും പഞ്ചായത്ത് തല പര്യടനം ആരംഭിച്ചു. റോഡ് ഷോകളിലെ ജനപങ്കാളിത്തം ഇടതുപക്ഷത്തിന് ആത്മവിശ്വാസം നൽകുന്നുണ്ട്. യു.ഡി.എഫ് കോട്ടകളായ ഗ്രാമീണ പഞ്ചായത്തുകളിൽ സർക്കാർ വിരുദ്ധ വികാരവും വികസന പ്രശ്നങ്ങളും ഉയർത്തിക്കാട്ടി വോട്ടുപിടിക്കാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാരിന്‍റെ വികസന നേട്ടം അടക്കം ഉയർത്തിക്കാട്ടിയാണ് എൻ.ഡി.എ പ്രചാരണം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച ട്വൻറി 20 സ്ഥാനാർഥി ഇവിടെ 13000 ൽ അധികം വോട്ട് നേടിയിരുന്നു. കഴിഞ്ഞ തവണ സി.പി.ഐയുടെ സിറ്റിങ് എം.എൽ.എ എൽദോ എബ്രഹാമിനെയാണ് മാത്യു കുഴൽനാടൻ പരാജയപ്പെടുത്തിയത്. മതന്യൂനപക്ഷങ്ങൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലം പൊതുവെ യു.ഡി.എഫ് കോട്ടയായാണ് അറിയപ്പെടുന്നതെങ്കിലും നാല് തവണ ഇടത്തോട്ട് മാറിയ ചരിത്രവുമുണ്ട്. സപ്ത കക്ഷി മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ട 1967ൽ സി.പി.ഐ നേതാവായിരുന്ന പി.വി. എബ്രഹാമാണ് ആദ്യം മണ്ഡലത്തിൽ ചെങ്കൊടി പാറിച്ചത്. ‘87ൽ മണ്ഡലം വീണ്ടും ഇടത്തേക്ക് മാറി. സി.പി.ഐ സ്വതന്ത്രൻ ഡോ. എ.വി. ഐസക്കാണ് മണ്ഡലം തിരിച്ചുപിടിച്ചത്.

രണ്ട് പതിറ്റാണ്ടിന് ശേഷം പാർട്ടി ചിഹ്നത്തിൽ മൽസരിച്ച സി.പി.ഐ നേതാവ് ബാബു പോൾ മണ്ഡലം പിടിച്ചടക്കി. 2016ൽ സിറ്റിങ് എം.എൽ.എയും കോൺഗ്രസ് വക്താവുമായിരുന്ന ജോസഫ് വാഴക്കനെ സി.പി.ഐയുടെ യുവ നേതാവ് എൽദോ എബ്രഹാം പരാജയപ്പെടുത്തി. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിൽ പന്ത്രണ്ട് എണ്ണത്തിലും വിജയിച്ചത് യു.ഡി.എഫ് ആണ്. ഇടതു മുന്നണി സി.പി.ഐക്ക് നൽകിയ മണ്ഡലത്തിൽ കൂടുതൽ തവണയും സ്വതന്ത്രരെ മൽസരിപ്പിക്കാനാണ് പാർട്ടി ശ്രമിച്ചത്. Z മൂവാറ്റുപുഴ നഗരസഭയും 11 പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം.

ഇതിൽ പോത്താനിക്കാട് ഒഴികെ എല്ലായിടത്തും യു.ഡി.എഫാണ് ഭരണത്തിൽ. കാലങ്ങളായി എൽ.ഡി.എഫ് ഭരണത്തിലിരുന്ന പാലക്കുഴ പഞ്ചായത്തും ഇത്തവണ യു.ഡി.എഫ് പിടിച്ചു. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ മണ്ഡലം യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിലും ഏതാണ്ട് എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫ് തേരോട്ടമായിരുന്നു. മൂവാറ്റുപുഴയിലെ വികസനത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തർക്കമാണ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്. നഗര റോഡ് വികസനം, കെ.എസ്.ആർ.ടി.സി ഡിപ്പോ വികസനം, മുറിക്കല്ല് ബൈപാസ് എന്നിവയൊക്കെ ചൂടുപിടിച്ച വികസന ചർച്ചകളാണ്. പൈനാപ്പിൾ ഉൾപ്പെടെ കാർഷിക മേഖലയിലെ പ്രശ്നങ്ങളും ചർച്ചയാകുന്നുണ്ട്.

ഡോ. മാത്യു കുഴൽനാടൻ

ഇതു രണ്ടാം തവണയാണ് ഡോ. മാത്യു കുഴൽനാടൻ മൂവാറ്റുപുഴയിൽ മത്സരിക്കുന്നത്. 2021ൽ സി.പി.ഐയിലെ എൽദോ എബ്രഹാമിനെ 6161 വോട്ടിന് പരാജയപ്പെടുത്തി. നിലവിൽ കെ.പി.സി.സി വൈസ് പ്രസിഡന്റാണ്. സുപ്രീംകോടതിയിലും ഹൈകോടതിയിലുമായി 23 വർഷത്തെ അഭിഭാഷക പരിചയവുമുണ്ട്. പൈങ്ങോട്ടൂരിലെ കർഷക കുടുംബമായ കുഴൽനാട്ട് വീട്ടിൽ പരേതനായ കെ.പി. എബ്രഹാമിന്റെയും മേരി എബ്രഹാമിന്റെയും മകനാണ്.

എൻ. അരുൺ

മൂവാറ്റുപുഴ തൃക്കളത്തൂർ പുതുശ്ശേരിയിൽ നീലകണ്ഠൻ നായരുടെയും സുശീല നീലകണ്ഠന്റെയും രണ്ടാമത്തെ മകൻ. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. സി.പി.ഐ ജില്ലാ സെക്രട്ടറിയായ അരുൺ, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്, ദേശീയ സെക്രട്ടറിയേറ്റ് അംഗം, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സണ്ണി കടൂത്താഴെ (എൻ.ഡി.എ)

ഇടുക്കി ചെമ്പകപ്പാറ സ്വദേശി. 22 വര്‍ഷമായി കോതമംഗലത്ത് പ്രവര്‍ത്തിക്കുന്ന മില്‍വോക്കി അക്കാദമിയുടെ മാനേജിങ് ഡയറക്ടറാണ്. മോട്ടിവേഷന്‍ ട്രെയിനർ, കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത പ്രസിഡന്റ്, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. തായ്‌വാനില്‍ 2000ല്‍ നടന്ന ഏഷ്യന്‍ യുവജന സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

    2021 ലെ ​വോ​ട്ടി​ങ് നി​ല

  • മാ​ത്യു കു​ഴ​ൽ​നാ​ട​ൻ (കോ​ൺ.)-64425
  • എ​ൽ​ദോ എ​ബ്ര​ഹാം (സി.​പി.​ഐ) -58264
  • സി.​എ​ൻ. പ്ര​കാ​ശ് (ട്വ​ൻ​റി 20)-13535
  • ജി​ജി ജോ​സ​ഫ് (ബി.​ജെ.​പി)- 7527
Tags:    
News Summary - Kerala Assembly Election 2026 Muvattupuzha Constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.