മൂവാറ്റുപുഴ: ഖത്തറിൽനിന്ന് കെനിയയിലേക്ക് പോയ വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മൂവാറ്റുപുഴ സ്വദേശിനി ജസ്നയുടെയും മകൾ റൂഹി മെഹ്റിന്റെയും മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ നാട്ടിൽ എത്തിക്കും.
സാങ്കേതിക പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച സാഹചര്യത്തിൽ ശനിയാഴ്ച വൈകീട്ട് കെനിയയിൽനിന്ന് കൊണ്ടുവരുന്ന മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ എട്ടുമണിയോടെ നെടുമ്പാശ്ശേരിയിൽ എത്തും. തുടർന്ന് മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ എത്തിച്ച് 11 മണിയോടെ പേഴക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
വ്യാഴാഴ്ച വൈകീട്ട് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഖത്തറിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന പേഴക്കാപ്പിള്ളി കുറ്റിക്കാട്ടുചാലിൽ മക്കാരിന്റെയും ലൈലയുടെയും മൂന്നാമത്തെ മകൾ ജസ്നയും (29) മകൾ റൂഹി മെഹ്റിനും (ഒന്നര) ബലിപ്പെരുന്നാൾ ദിവസമാണ് ഭർത്താവിനൊപ്പം ഖത്തറിൽനിന്ന് കെനിയയിലേക്ക് പോയത്.
28 പേരടങ്ങിയ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ജസ്നയും കുഞ്ഞും ഉൾപ്പെടെ ആറുപേരാണ് മരിച്ചത്. മരിച്ചവരിൽ അഞ്ചുപേരും മലയാളികളാണ്. ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫക്ക് പരിക്കേറ്റു. തിങ്കളാഴ്ച പ്രാദേശികസമയം വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.