എം.​സി റോ​ഡി​ലെ ക​ച്ചേ​രി​ത്താ​ഴം വ​ലി​യ​പാ​ല​ത്തി​ന് സ​മീ​പം രൂ​പ​പ്പെ​ട്ട വ​ൻ ഗ​ർ​ത്തം മൂ​ടു​ന്നു 

മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഗർത്തം അടച്ചു

മൂവാറ്റുപുഴ: ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പരിശ്രമങ്ങൾക്ക് ഒടുവിൽ നഗര മധ്യത്തിൽ രൂപപ്പെട്ട വൻ ഗർത്തം അടച്ചു. ഇതോടെ 20 മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമായത്.

10 മീറ്ററോളം വ്യാസത്തിലും, മൂന്നര മീറ്റർ ആഴത്തിലും രൂപപ്പെട്ട ഗർത്തം ഗ്രാവൽ അടക്കമുള്ള മിശ്രിതം ഉപയോഗിച്ചാണ് അടച്ചത്. ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് എം.സി റോഡിലെ കച്ചേരിത്താഴം വലിയപാലത്തിന് സമീപം വൻ ഗർത്തം രൂപപ്പെട്ടത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ സ്ഥാപിച്ച ബി.എസ്.എൻ.എൽ ചേംബറിനോട് ചേർന്ന ഭാഗത്തെ മണ്ണിടിഞ്ഞ് താഴ്ന്നതാണ് ഗർത്തം രൂപപ്പെടാൻ കാരണം. ബി.എസ്.എൻ.എൽ കേബിളുകളുടെ ജങ്ഷൻ ബോക്സായി കോൺക്രീറ്റിൽ പണിതീർത്തതാണ് ചേമ്പർ.

ഇതിനു സമീപത്തുകൂടി ഓടയും കടന്നുപോകുന്നുണ്ട്. സംഭവം നടന്ന ഉടൻ സമീപത്തെ വ്യാപാരികളും, പൊലീസും ചേർന്ന് ഇതിനു ചുറ്റും സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തടിലോറികൾ അടക്കം വലിയ ഭാരവാഹനങ്ങൾ കടന്നുപോകുന്ന സമയത്തായിരുന്നു റോഡ് ഇടിഞ്ഞ് ഗർത്തം ഉണ്ടായത്. തുടർന്ന് നഗരത്തിലെ ഗതാഗതം തിരിച്ചുവിടുകയായിരുന്നു.

സംഭവം അറിഞ്ഞ് പുലർച്ചയോടെ തന്നെ മാത്യു കുഴൽനാടൻ എം.എൽ.എയും പൊതുമരാമത്ത്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.തുടർന്ന് നവീകരണപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. ശക്തമായ മഴ തുടരുന്നതിനാൽ താൽക്കാലികമായി ഗർത്തം അടക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. മഴ മാറിയ ശേഷം വിശദ പരിശോധന നടത്തി റോഡ് പൂർണ തോതിൽ നവീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മന്ത്രി റിപ്പോർട്ട് തേടി

മൂവാറ്റുപുഴ: നഗരത്തിലെ പാലം അപ്രോച്ച് റോഡിൽ ഗർത്തം ഉണ്ടായത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് നിർദേശം നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഗർത്തം യുദ്ധകാല അടിസ്ഥാനത്തില്‍ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയര്‍ക്ക് നിർദേശം നല്‍കിയിരുന്നുവെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

സംഭവം പരിശോധിക്കുന്നതിന്റെ ഭാഗമായി ഉത്ഖനനം നടത്തേണ്ടതുണ്ട്. എന്നാല്‍, ജലനിരപ്പ് കുറയുന്നതോടെ മാത്രമേ ഇത് പൂര്‍ത്തിയാക്കാനാകൂ. മറ്റു വകുപ്പുകളുടെ സഹായം കൂടി തേടി സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനുശേഷം പൂര്‍ണതോതില്‍ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.

Tags:    
News Summary - hours of uncertainty, the crater was sealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.