മൂവാറ്റുപുഴ: വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 150ഓളം പേർക്ക് മഞ്ഞപ്പിത്തം. ആവോലി പഞ്ചായത്തിലെ നടുക്കരയിൽ ഒരു മാസം മുമ്പ് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് വ്യാപക പരിശോധന നടത്തി.
ആവോലിക്കു പുറമെ ചടങ്ങിന് ഭക്ഷണം എത്തിച്ച മാറാടി പഞ്ചായത്തിലും വിവാഹചടങ്ങ് നടന്ന ആരക്കുഴ പഞ്ചായത്തിലും പരിശോധന വ്യാപകമാക്കി. ഭക്ഷണം തയാറാക്കി വിളമ്പിയ കാറ്ററിങ് കമ്പനിയിൽ ഉപയോഗിച്ച വെള്ളത്തിൽനിന്നാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിഗമനം. ഇതേതുടർന്ന് മാറാടിയിൽ പ്രവർത്തിക്കുന്ന കാറ്ററിങ് സ്ഥാപനം അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് ഞായറാഴ്ച നിർദേശം നൽകി.
കഴിഞ്ഞ അഞ്ചിനായിരുന്നു വിവാഹം. പള്ളിയിൽ നടന്ന വിവാഹചടങ്ങിനു മുമ്പ് മൂന്നാം തീയതി നടുക്കരയിലെ വീട്ടിൽ ഒരുക്കിയ മധുരം വയ്പിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം ഉണ്ടായിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുകളുമായ നൂറ്റിയമ്പതോളം പേരാണ് പങ്കെടുത്തത്. ആവോലി, ആരക്കുഴ, മഞ്ഞള്ളൂർ പഞ്ചായത്തുകളിൽനിന്ന് കൂടാതെ ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ താമസിക്കുന്നവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. സംഭവത്തെ തുടർന്ന് മൂവാറ്റുപുഴ ബ്ലോക്കിനു കീഴിലെ പണ്ടപിള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽനിന്നുള്ള വിദഗ്ധ സംഘം അടക്കം വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ബോധവത്കരണവും നടത്തി. രോഗലക്ഷണമുള്ളവരോട് ആശുപത്രിയിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്. വിശദമായ പരിശോധനക്കായി ജില്ല മെഡിക്കൽ ഓഫിസിൽനിന്നുള്ള വിദഗ്ധ സംഘം തിങ്കളാഴ്ച എത്തും.
ഒരു മാസം മുമ്പാണ് ചടങ്ങുകൾ നടന്നത്. രോഗലക്ഷണങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. കൂടുതൽ പേർക്ക് രോഗബാധ ഉണ്ടായിട്ടുണ്ടോ എന്നറിയാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരുമെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.