ആലുവ: ദേശീയപാതയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊട്ടാരക്കര ശ്രീകൃഷ്ണ മന്ദിരത്തിൽ അരുൺ അജിത്തിനെയാണ് (26) ആലുവ പൊലീസ് പിടികൂടിയത്. 31ന് പുലർച്ച കമ്പനിപ്പടി ഭാഗത്ത് വെച്ചാണ് കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്.
മർദിച്ച ശേഷം ഇയാളെ കളമശ്ശേരിയിൽ ഇറക്കിവിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. കാറിൽ പതിനഞ്ച് ചാക്കോളം ഹാൻസ് ആയിരുന്നുവെന്നാണ് സൂചന. ബംഗളൂരുവിൽനിന്ന് മൊത്തമായി വാങ്ങി ആലുവയിൽ വിൽപനക്ക് എത്തിച്ചപ്പോഴാണ് തട്ടിക്കൊണ്ട് പോയതെന്ന് കരുതുന്നു. പ്രവാസിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. വർക്കലയിൽ റിസോർട്ട് വാടകക്ക് എടുത്ത് നടത്തുകയാണ് അരുൺ അജിത്. ഇയാളുടെ റിസോർട്ടിന് സമീപത്തുനിന്നുമാണ് കാർ കണ്ടെടുത്തത്. കഞ്ചാവ് കേസിൽ ഉൾപ്പെടെ പ്രതിയാണ്. മറ്റു പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
എസ്.എച്ച്.ഒ എൽ.അനിൽകുമാർ, എസ്.ഐമാരായ പി.എസ്. ബാബു, എം.എസ്. ഷെറി സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്. ഹാരിസ്, കെ.ബി. സജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.