കൊച്ചി: കാത്തിരിപ്പിനൊടുവിൽ എറണാകുളം ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ജില്ലയിൽ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ഇടത്- വലത് മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി ആഴ്ചകൾ പിന്നിടുമ്പോഴാണ് ബി.ജെ.പി സ്ഥാനാർഥി പ്രഖ്യാപനം വന്നത്. മുൻ പി.എസ്.സി ചെയർമാനും സംസ്കൃത സർവകലാശാല വൈസ് ചാൻസലറുമായിരുന്ന നിലവിൽ ബി.ജെ.പിയുടെ സംസ്ഥാന ഉപാധ്യക്ഷനായ ഡോ. കെ.എസ്. രാധാകൃഷ്ണനാണ് മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായെത്തിയത്. സംവിധായകൻ മേജർ രവിയടക്കം പലരുടേയും പേര് അനൗദ്യോഗീകമായി രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവിൽ രാധാകൃഷ്ണന് നറുക്ക് വീഴുകയായിരുന്നു.
നാല് ലോക്സഭ മണ്ഡലങ്ങളുൾപെടുന്ന ജില്ലയിൽ മറ്റ് മൂന്ന് മണ്ഡലങ്ങളിലും ബി.ഡി.ജെ.എസ് സ്ഥാനാർഥികളാണ് എൻ.ഡി.എ സഖ്യത്തിൽ മത്സരിക്കുന്നത്. ചാലക്കുടിയിൽ കെ.എ. ഉണ്ണികൃഷ്ണൻ, ഇടുക്കിയിൽ സംഗീത വിശ്വനാഥൻ, കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി എന്നിവരാണവർ. ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങൾ ഇടുക്കിയിലും കുന്നത്തുനാട്, പെരുമ്പാവൂർ, ആലുവ, അങ്കമാലി മണ്ഡലങ്ങൾ ചാലക്കുടിയിലും പിറവം മണ്ഡലം കോട്ടയം ലോക്സഭ മണ്ഡലത്തിലുമാണ് ഉൾപ്പെടുന്നത്.
തിളച്ച് മറിയുന്ന വേനൽ ചൂടിലും വോട്ടുറപ്പിക്കാനുളള ഓട്ടത്തിലാണ് സ്ഥാനാർഥികൾ. ആദ്യമേ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് മത്സരരംഗത്തിറങ്ങിയ ഇടതുമുന്നണിയാണ് ഇക്കാര്യത്തിൽ ബഹുദൂരം മുന്നിൽ. എറണാകുളത്ത് കെ.ജെ. ഷൈൻ രണ്ട് വട്ടം പര്യടനം പൂർത്തിയാക്കി. ചാലക്കുടിയിലെ പ്രഫ. സി.രവീന്ദ്രനാഥും ഇടുക്കിയിലെ ജോയ്സ് ജോർജും ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിൽ മൂന്നാംഘട്ട പര്യടനം ആരംഭിച്ചു കഴിഞ്ഞു.
ഇവരുടെ മണ്ഡലം കൺവെൻഷനുകളും അവസാനഘട്ടത്തിലാണ്. വൈകിയാണ് എത്തിയതെങ്കിലും സിറ്റിങ് എം.പിയെന്ന ആനുകൂല്യം മുതലാക്കി ഇടത് സ്ഥാനാർഥിക്കൊപ്പം എത്താനുളള വേഗത്തിലാണ് എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻ. നിയമസഭ മണ്ഡലങ്ങളിലെ പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളുമെല്ലാം സന്ദർശിച്ച് വോട്ടുറപ്പിക്കുന്ന തിരക്കിലാണ്. ചാലക്കുടിയിൽ ബെന്നി ബഹനാനും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും ഓട്ടത്തിലാണ്.
സംസ്ഥാനത്ത് ആദ്യം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച കോട്ടയം ലോക്സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ മണ്ഡലത്തിൽപ്പെടുന്ന പിറവത്ത് മൂന്നുവട്ടം പര്യടനം നടത്തി. തൊട്ടുപിന്നാലെ സ്ഥാനാർഥിത്വം നേടിയ യു.ഡി.എഫിലെ ഫ്രാൻസിസ് ജോർജും പരമാവധി പേരെ നേരിൽ കാണാനുളള പരിശ്രമത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ മത്സരരംഗത്തിറങ്ങിയ എൻ.ഡി.എ സ്ഥാനാർഥികളും പ്രചാരണമാരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിൽ ട്വൻറി-20യും സജീവ പ്രചാരണത്തിലാണ്.
വീറും വാശിയുമുയർന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിന് വീര്യം പകരാൻ അടുത്ത ദിവസങ്ങളിൽ മൂന്ന് മുന്നണികളുടെയും മുതിർന്ന നേതാക്കൾ ജില്ലയിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇടത് മുന്നണിയുടെ പ്രചാരണ രംഗത്തെ താരം.
അദേഹം അടുത്തമാസം മൂന്നിന് ജില്ലയിലെത്തും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുന്നേ പ്രധാനമന്ത്രി നരേന്ദ്രമോദി എറണാകുളത്ത് റോഡ് ഷോ നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് ഇൻ ചാർജ് എം.എം. ഹസൻ അടക്കമുളളവർ ഇതിനോടകം തന്നെ ജില്ലയിൽ സജീവമാണ്.
രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയടക്കമുളള പ്രധാന നേതാക്കളും പര്യടനത്തിനെത്തുമെന്നാണ് വിവരം. ട്വൻറി-20 പ്രചാരണത്തെ അവരുടെ പ്രസിഡൻറും വ്യവസായിയുമായ സാബു എം.ജേക്കബാണ് മുന്നിൽ നിന്ന് നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.