കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിനായി 79 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെങ്കിലും കൊച്ചിയുടെ വികസന സാധ്യതകൾക്ക് ഊർജം നൽകുന്ന ഒരു പദ്ധതിയും പ്രഖ്യാപിക്കാതെ നിരാശപ്പെടുത്തിയെന്ന് കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ. ഏറ്റവും കൂടുതൽ വരുമാനം എറണാകുളം ജില്ലയിൽനിന്നാണെന്ന് ബജറ്റ് പ്രസംഗത്തിൽ സൂചിപ്പിച്ച ധനമന്ത്രി പക്ഷെ അതിനു ആനുപാതികമായ പദ്ധതിയോ തുകയോ അനുവദിക്കാത്തത് പ്രതിഷേധാർഹമാണ്.
കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്ന നിലയിൽ കൊച്ചിക്ക് കൂടുതൽ പിന്തുണ ലഭിക്കേണ്ടിയിരുന്നു. ഓപറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്കായി നാമമാത്രമായ തുകയാണ് അനുവദിച്ചിട്ടുള്ളത്. കനാൽ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട കനാലുകൾക്കുള്ള തുക അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും പദ്ധതിയിൽ ഉൾപ്പെടാത്ത കനാലുകൾ പശ്ചിമ കൊച്ചിയിലടക്കം ഇനിയുമുണ്ട്. അവക്കായി തുക അനുവദിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. നഗരവാസികളുടെ ചിരകാല സ്വപ്നമായ അറ്റ്ലാന്റിസ് ഓവർ ബ്രിഡ്ജ്, വാതുരുത്തി ഓവർ ബ്രിഡ്ജ്, നാൽപതടി റോഡ്, ഗോശ്രീ മാമംഗലം റോഡ് എന്നിവയടക്കമുള്ള പ്രധാന റോഡുകൾക്കു തുക വകയിരുത്തിയിട്ടില്ല. കാലാവസ്ഥ വ്യതിയാനവും വികസന വെല്ലുവിളികളും കണക്കിലെടുത്തുകൊണ്ട് കൊച്ചിക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നായിരുന്നു കരുതിയത്.
കൊച്ചി നഗരത്തിന്റെ വികസന ആവശ്യങ്ങൾക്കോ ഭാവി വികസന സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള വലിയ വികസന പദ്ധതികൾക്കോ തുക അനുവദിച്ചിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിനായി പദ്ധതികൾ പ്രഖ്യാപിക്കുകയോ തുക അനുവദിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്ത് നൽകുമെന്നും മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.