വീട്ടമ്മയിൽനിന്ന് 2.88 കോടി തട്ടിയ കേസ്; രണ്ടുപേർകൂടി പിടിയിൽ

മട്ടാഞ്ചേരി: വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന്2 കോടി 88 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ കൂടി മട്ടാഞ്ചേരി പൊലീസ് പിടികൂടി. യു.പി സ്വദേശി അതുല്‍ താക്കൂര്‍(29), ബിഹാർ സ്വദേശി മുഹമ്മദ് ദില്‍ഷാദ്(25) എന്നിവരെയാണ് ഡല്‍ഹിയില്‍നിന്ന് എസ്.ഐ ജിമ്മി ജോസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചത്.

കേസില്‍ മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി സന്തോഷ് കുമാറിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇപ്പോൾ പിടികൂടിയ രണ്ടു പേരും ഈ കോമേഴ്സ് നടത്തുന്നവരാണ്.മൂന്ന് സംസ്ഥാനങ്ങളിൽ ഇരുവർക്കുമെതിരെ ഇതേ രീതിയിലുള്ള കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മട്ടാഞ്ചേരി ആനവാതില്‍ സ്വദേശിനിയായ വീട്ടമ്മക്കാണ് പണം നഷ്ടമായത്.

മണി ലോണ്ടറിങ്,ക്രിപ്റ്റോ കറന്‍സി എന്നിവയുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ പേരില്‍ മുംബൈ തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഈ കേസില്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഈ കേസില്‍ നിന്നും ഒഴിവാക്കി തരാമെന്ന് പറഞ്ഞ് പല തവണകളായി പ്രതികള്‍ പണം തട്ടിയെടുക്കുകയായിരുന്നു. കൃത്രിമ കോടതി സൃഷ്ടിച്ച് വീട്ടമ്മക്കെതിരെ വിസ്താരം നടത്തി വിഡിയോ വീട്ടമ്മയെ കാണിച്ചായിരുന്നു സംഘം പണം തട്ടിയിടുത്തത്. കേസിൽ ഇനിയും പ്രതികളെ പിടികൂടുവാനുണ്ടെന്ന് പൊലിസ് പറഞ്ഞു.

Tags:    
News Summary - Two more arrested in case of embezzlement of Rs 2.88 crore from housewife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.