മട്ടാഞ്ചേരി: ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിലേക്കിറങ്ങിയ മത്സ്യബന്ധന ബോട്ടുകൾ തിരിച്ചെത്തിയത് കാര്യമായി മീൻ ലഭിക്കാതെ. രണ്ടാം ദിനവും മത്സ്യം ലഭിക്കാത്തത് തൊഴിലാളികളെയും ബോട്ടുടമകളെയും നിരാശയിലാക്കി. അതത് ദിവസം മത്സ്യബന്ധനത്തിന് പോയി മടങ്ങി വരുന്ന പേഴ്സിന് നെറ്റ് ബോട്ടുകളാണ് കാര്യമായി മത്സ്യലഭ്യതയില്ലാതെ മടങ്ങിയെത്തിയത്. ഏതാനും ചില ബോട്ടുകൾക്ക് മാത്രമാണ് അയലയും ചെറിയ ചൂരയും ലഭിച്ചത്.
ഏറെ പ്രതീക്ഷയോടെയാണ് നീണ്ട 52 ദിവസത്തെ ട്രോളിങ് നിരോധനത്തിനു ശേഷം ബോട്ടുകൾ കടലിലേക്ക് ഇറങ്ങിയത്. നല്ലൊരു തുക കടം വാങ്ങിയും ലോണെടുത്തുമാണ് ബോട്ടുകളുടെ അറ്റകുറ്റകുറ്റപ്പണി തീർത്ത് കടലിലേക്ക് ഇറങ്ങിയത്. എന്നാൽ, ഇന്ധനച്ചെലവിനുള്ള പണം പോലും ലഭിക്കാതെ കടത്തില്‍നിന്ന് കടത്തിലേക്ക് കൂപ്പുകുത്തുകയാണ് ബോട്ടുടമകൾ. സാധാരണ ട്രോളിങ് നിരോധനം കഴിഞ്ഞ് കടലില്‍ ഇറങ്ങുന്ന ബോട്ടുകള്‍ മടങ്ങുന്നത് നിറയെ കരിക്കാടി ചെമ്മീൻ, കിളിമീൻ തുടങ്ങിയവ അടക്കമുള്ള മത്സ്യവുമായിട്ടായിരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴ കടൽ ഇളക്കിയതും ഗുണകരമാകുമെന്നായിരുന്നു പ്രതീക്ഷ.
ആദ്യ ദിനത്തിൽ കുറവു മത്സ്യം ലഭിച്ചപ്പോൾ അടുത്ത ദിവസം മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തൊഴിലാളികള്‍. എന്നാല്‍ രണ്ടാം ദിവസവും കാര്യമായ മത്സ്യം ലഭിക്കാതെ മടങ്ങുകയായിരുന്നു. കാലാവസ്ഥ അനുകൂലമല്ലാത്തതും വിനയാകുന്നതായി ബോട്ടുടമകള്‍ പറയുന്നു. കാര്യമായി മത്സ്യം ലഭിക്കാത്തത് അനുബന്ധ മേഖലയിലെ തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
അതേസമയം, കടലില്‍ പോയ ഗില്‍നെറ്റ്, ഫിഷിങ് നെറ്റ് ബോട്ടുകളൊന്നും ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. ഇത്തരം ബോട്ടുകള്‍ കടലില്‍ പോയി ദിവസങ്ങള്‍ക്ക് ശേഷമാണ് തിരികെ കരപിടിക്കുന്നത്. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ഇത്തരം ബോട്ടുകളും സാധാരണ ട്രോളിങ് നിരോധനം കഴിഞ്ഞ് ഇറങ്ങി മടങ്ങുന്ന വേളയിൽ നിറയെ മത്സ്യവുമായാണ് മടങ്ങിയെത്താറ്. ഇത്തവണയും കോള്‍ പ്രതീക്ഷയിൽ തന്നെയാണ് ഇവരും കടലിൽ തങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.