ഫോർട്ട്കൊച്ചി: ലോക സസ്യ ശാസ്ത്രത്തിന്‍റെ ആദ്യ അടിസ്ഥാന കൈപുസ്തകമായി വിശേഷിപ്പിക്കുന്ന ഹോർത്തൂസ് മലബാറിക്കസിന്‍റെ അവശേഷിക്കുന്ന ശേഷിപ്പും ഇല്ലാതാകുന്നു. ഫോർട്ട് കൊച്ചി വെളിയിലെ ഔഷധത്തോട്ടം എന്നർത്ഥം വരുന്ന ഡച്ച് വാക്കായ ഓടത്ത എന്ന പ്രദേശത്തെ കൂറ്റൻ കവാടത്തിന്‍റെ ശേഷിക്കുന്ന ഭാഗം നെടുകെ വിള്ളൽ വീണ് ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
ഡച്ച് ഗവർണറായിരുന്ന ഹെൻഡ്രിക് ആൻഡ്രിയാൻ വാൻ റീഡിന്‍റെ നേതൃത്വത്തിലായിരുന്നു 335 വർഷം മുമ്പ് ഗ്രന്ഥ രചന നടന്നത്. ഭിഷഗ്വരന്മാരായിരുന്ന കൊച്ചി സ്വദേശികളായ അപ്പു ഭട്ട്, രംഗ ഭട്ട്, വിനായക പണ്ഡിറ്റ്, ചേർത്തല സ്വദേശി ഇട്ടി അച്ചുതൻ വൈദ്യർ എന്നിവരുടെ മേൽനോട്ടത്തിലാണ് ഗ്രന്ഥ രചന നടന്നത്.
മലബാറിലെ വിവിധ ഔഷധ സസ്യങ്ങൾ ഏക്കർ കണക്കിന് പരന്ന് കിടന്നിരുന്ന ഓടത്ത എന്ന ഉദ്യാനത്തിൽ നട്ടുവളർത്തിയാണ് ഇവയുടെ ഔഷധ ഗുണങ്ങളടക്കം കാര്യങ്ങൾ സസ്യങ്ങളുടെ ചിത്ര സഹിതം രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചത്. 12 വാല്യങ്ങളിലായി 780 സസ്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് തയ്യാറാക്കിയത്.
ഡച്ച്, ബ്രീട്ടീഷ് ഭരണത്തിനു ശേഷം കാലക്രമേണ ഓടത്ത പ്രദേശം ജനവാസ കേന്ദ്രമായെങ്കിലും ഉദ്യാനത്തിന്‍റെ ചുറ്റുവളപ്പിലേക്കുള്ള പടുകൂറ്റൻ പ്രവേശന കവാടത്തിന്‍റെ നാലാൾ പൊക്കമുള്ള രണ്ട് തൂണുകൾ ഹോർത്തൂസ് മലബാറിക്കസിന്‍റെ ശേഷിപ്പായി ചരിത്ര സ്നേഹികൾ നിലനിർത്തി വരികയായിരുന്നു. കവാടത്തിന്‍റെ ഒരു ഭാഗത്തെ തൂണിന്‍റെ ശോചനീയാവസ്ഥ ചരിത്ര സ്നേഹികൾ ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ മുഖവിലക്കെടുക്കാത്തതിനാൽ മൂന്ന് വർഷം മുമ്പ് ഇത് നിശേഷം തകർന്നു വീണിരുന്നു.ബാക്കിയായി അവശേഷിക്കുന്ന മറു ഭാഗമാണ് ഇപ്പോൾ തകർച്ച ഭീഷണി നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.