കൊച്ചി: രാജ്യംകണ്ട ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസിലെ മൂന്ന് മുഖ്യപ്രതികളെ കൊച്ചി സിറ്റി സൈബർ പൊലീസ് കോഴിക്കോടുനിന്ന് അറസ്റ്റ് ചെയ്തു. ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽനിന്ന് 24.7 കോടി രൂപ തട്ടിയ കേസിലെ പ്രതികളായ കോഴിക്കോട് കൊടുവള്ളി പറമ്പത്തായികുളങ്ങര പി.കെ. റഹീസ് (39), കോഴിക്കോട് ആരക്കൂര്‍ തോളാമുത്തംപറമ്പ് വളപ്പിൽ ഹൗസിൽ അൻസാർ (39), കോഴിക്കോട് പന്തീരാങ്കാവ് നരിക്കുനി മീത്തൽ ഹൗസിൽ സി.കെ. അനീസ് റഹ്മാൻ (25) എന്നിവരെയാണ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി.
40 ബാങ്ക് അക്കൗണ്ടുകൾ, 250 സിം കാർഡുകൾ, 40 മൊബൈൽ ഫോണുകൾ, നിരവധി ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും, നിരവധി ഡെബിറ്റ് കാർഡുകൾ തുടങ്ങിയവ പ്രതികൾ കുറ്റകൃത്യത്തിനായി ഉപയോഗിച്ച കോഴിക്കോടുള്ള ഫ്ലാറ്റിൽനിന്ന് പിടിച്ചെടുത്തു. തട്ടിപ്പിന് ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കുന്നവരാണ് പിടിയിലായ റഹീസും അന്‍സാറും. അനീസാണ് സിം കാര്‍ഡുകള്‍ നൽകിയിരുന്നത്. പ്രതികള്‍ക്ക് വിദേശികളുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
സെപ്റ്റംബർ 16ന് ഇതേ കേസിൽ കൊല്ലം അഞ്ചൽ സ്വദേശി സുജിത അറസ്റ്റിലായിരുന്നു. സുജിതയുടെ ബാങ്ക് അക്കൗണ്ട് വഴി ഇന്‍റർനെറ്റ് ബാങ്ക് ഇടപാടുകൾ നടത്താൻ ഉപയോഗിച്ചിരുന്ന സിം കാർഡ് ഇട്ടിരുന്ന ഫോൺ പ്രതികളിൽനിന്ന് കണ്ടെത്തി. കേസിൽ വിദേശികളും സ്വദേശികളുമായ നിരവധിപേർ ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പിലൂടെ ലഭിച്ച പണത്തില്‍നിന്ന് 3.4 ലക്ഷം രൂപ പ്രതികള്‍ പിന്‍വലിച്ചിരുന്നു. ഇതിന്റെ ബാങ്ക് രേഖകള്‍ പൊലീസ് കണ്ടെത്തി. തട്ടിയെടുത്ത പണത്തില്‍ 40 ലക്ഷം രൂപ പൊലീസിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഹോള്‍ഡ് ചെയ്തിട്ടുണ്ട്. ഇത് തിരികെ ലഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 90 ശതമാനം പണവും വിദേശത്തേക്ക് കടത്തിയതായാണ് സംശയിക്കുന്നത്.
പ്രതികള്‍ അനധികൃത പണമിടപാടിനായി ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകളില്‍ ചിലത് നേരത്തേ കൈകാര്യം ചെയ്തിരുന്നത് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഘത്തിന് തട്ടിപ്പുമായി ബന്ധമുണ്ടോയെന്ന് പൊലീസ് വിശദമായി പരിശോധിക്കും.
ഒരു വെബ്സൈറ്റ് വഴി ട്രേഡിങ് നടത്തി ഉയർന്ന ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 90 തവണകളായി 25 കോടി രൂപയാണ് 25 ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രതികൾ പരാതിക്കാരനിൽനിന്ന് തട്ടിയെടുത്തതെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2023 മാർച്ച് 15 മുതൽ 2025 ആഗസ്റ്റ് 29 വരെയുള്ള കാലയളവിലാണ് പണം തട്ടിയെടുത്തത്.
ഫോൺ കാളുകളും ടെലഗ്രാം ചാറ്റിങ്ങുകളും വെബ്സൈറ്റ് ആപ്ലിക്കേഷനുകളും വഴിയാണ് തട്ടിപ്പ് അരങ്ങേറുന്നത്. ഫേസ്ബുക്ക് പരസ്യം വഴിയാണ് പ്രതികൾ പരാതിക്കാനെ കുടുക്കിയത്. പെട്ടെന്ന് ഉയർന്ന ലാഭം ലഭിക്കുന്ന തെറ്റിദ്ധാരണയാണ് ആളുകളെ ഇത്തരം വ്യാജനിക്ഷേപങ്ങൾക്ക് പ്രേരിപ്പിക്കുന്നതെന്നും കമീഷണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.