വാടക തർക്കം; തൃക്കാക്കര സഹകരണ ആശുപത്രി 10 ലക്ഷം കെട്ടിവെക്കാൻ ഹൈകോടതി നിർദേശം

കാക്കനാട്: വാടകക്കുടിശ്ശികയുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭയും മുനിസിപ്പൽ സഹകരണ ആശുപത്രിയും തമ്മിലെ തർക്കത്തിൽ നഗരസഭക്ക് അനുകൂല നിലപാടുമായി ഹൈകോടതി. കേസുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കോടതിയിൽ കെട്ടിവെക്കാൻ കോടതി ഉത്തരവിട്ടു.

തൃക്കാക്കര ഗ്രാമപഞ്ചായത്തായിരുന്ന കാലത്ത് പഞ്ചായത്ത് ഓഫിസ് പ്രവർത്തിച്ചിരുന്ന കാക്കനാട് ജങ്ഷനിലെ കെട്ടിടം സംബന്ധിച്ചാണ് തർക്കം. ആശുപത്രി ആരംഭിച്ചപ്പോൾ ഈ മുറി വാടകക്ക് നൽകുകയായിരുന്നു. ആശുപത്രി പിന്നീട് സീപോർട്ട്-എയർപോർട്ട് റോഡിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും നഗരസഭക്ക് തിരികെ നൽകുന്നതിന് പകരം സ്വന്തം നിലക്ക് മറ്റു സ്ഥാപനങ്ങൾക്ക് വാടകക്ക് നൽകുകയായിരുന്നു. വാടകയിനത്തിൽ 31 ലക്ഷത്തിലധികം രൂപയാണ് കുടിശ്ശിക വരുത്തിയത്.

ഇതു സംബന്ധിച്ച് നഗരസഭ അധികൃതർ നോട്ടീസ് നൽകിയെങ്കിലും പണം അടച്ചില്ല. തുടർന്ന് ഈ കെട്ടിടങ്ങളുടെ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് ഭരണസമിതി തീരുമാനിച്ചു. ഇതിനെതിരെ ആശുപത്രി അധികൃതർ കോടതിയെ സമീപിക്കുകയായിരുന്നു. സെപ്റ്റംബർ രണ്ടിന് ഈ കേസ് പരിഗണിച്ചപ്പോഴാണ് 10 ലക്ഷം രൂപ കെട്ടിവെക്കാൻ കോടതി ഉത്തരവിട്ടത്. ഒക്ടോബർ രണ്ടിന് മുമ്പ് തുക നൽകണമെന്നാണ് നിർദേശം. ഇതിന് ശേഷമായിരിക്കും തുടർനടപടികൾ.

Tags:    
News Summary - Tenancy Dispute: Thrikkakara Cooperative Hospital Must be deposited 10 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.