സൂപ്പർ ലീഗ് കേരള; ‘ഫയർ ഫോഴ്സാ’വാൻ ഫോഴ്സ കൊച്ചി

കൊച്ചി: തോൽവികളിൽ നിന്ന് പാഠമുൾക്കൊണ്ട് പുതുതന്ത്രങ്ങളുമായി ഫോഴ്സ കൊച്ചി ഒരിക്കൽ കൂടി തീപ്പൊരി പോരാട്ടം കാഴ്ചവെക്കാൻ കളത്തിലിറങ്ങുന്നു. ഇത്തവണ വിജയമല്ലാതെ മറ്റൊന്നും മനസ്സിലില്ല. എറണാകുളം മഹാരാജാസ് കോളജിൽ വൈകീട്ട് 7.30ന് നടക്കുന്ന മത്സരത്തിൽ, സീസണിലെ മൂന്നാം ജയം പ്രതീക്ഷിച്ചിറങ്ങുന്ന തൃശൂർ മാജിക് എഫ്.സിയാണ് എതിരാളികൾ. കഴിഞ്ഞ മത്സരങ്ങളിലെ പോരായ്മകൾ പരിഹരിച്ച് ടൂർണമെന്‍റിലേക്ക് തിരിച്ചുവരാൻ പുതിയ അടവുകളും തന്ത്രങ്ങളുമായാണ് തങ്ങളിറങ്ങുന്നതെന്ന് ഫോഴ്സ കൊച്ചി പ്രഖ്യാപിച്ചുകഴിഞ്ഞു.

ജയത്തിനായി പനമ്പിള്ളി നഗർ സ്കൂൾ സ്റ്റേഡിയത്തിൽ തീവ്രപരിശീലനമാണ് താരങ്ങൾ നടത്തിയിട്ടുള്ളത്. തിരിച്ചുവരാനുറച്ച് ടീമിന്‍റെ ലൈനപ്പിലുൾപ്പെടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഗോകുലം കേരള താരമായ വിങ്ങർ അലക്സാണ്ടർ റൊമാറിയോ ജെസുരാജ്, കേരള പൊലീസ് താരം ലെഫ്റ്റ് വിങ് ബാക് വി.സി. ശ്രീരാഗ്, ഫോഴ്സ കൊച്ചിയുടെ തന്നെ മുൻ താരമായിരുന്ന പി.കെ. രെമിത്ത് എന്നിവരുൾപ്പെടെ വെള്ളിയാഴ്ച കളത്തിലിറങ്ങും.

കഴിഞ്ഞ മത്സരങ്ങളിൽ പരിക്കിനെ തുടർന്ന് ബെഞ്ചിലിരുന്ന വിദേശ താരങ്ങളും സ്റ്റാർ സ്ട്രൈക്കർമാരുമായ ജിനോവാൻ കെസൽ, രചിത് അത്മാനെ, സന്തോഷ് ട്രോഫി നായകനായിരുന്ന തിരുവനന്തപുരത്തിന്‍റെ സ്ട്രൈക്കർ നിജോ ഗിൽബർട്ട് എന്നിവരും പരിക്ക് ഭേദമായി നിർണായക മത്സരത്തിനിറങ്ങുമെന്നാണ് സൂചന.

കഴിഞ്ഞ മത്സരങ്ങളിലെ പോരായ്മകൾ മനസ്സിലാക്കി, സാഹചര്യത്തിനനുസരിച്ച് മാറ്റം വരുത്തിയുള്ള കളി തന്ത്രങ്ങളാണ് പരിശീലനത്തിലുടനീളം ഹെഡ് കോച്ച് മിഗ്വൽ ലാഡോ പ്ലാനയും അസി. കോച്ച് സനുഷ് രാജും താരങ്ങൾക്ക് പകർന്നുനൽകിയിട്ടുള്ളത്. ഇക്കഴിഞ്ഞ 24നാണ് കൊച്ചി സ്വന്തം തട്ടകത്തിൽ സീസണിലെ മൂന്നാം തോൽവി വഴങ്ങിയത്. ഒരു ഗോളിന് കണ്ണൂർ വാരിയേഴ്സിനോടായിരുന്നു പരാജയം.

ആദ്യ കളിയിൽ കാലിക്കറ്റ് എഫ്.സിയും രണ്ടാം കളിയിൽ തിരുവനന്തപുരം കൊമ്പൻസും ഫോഴ്സയെ തകർത്തിരുന്നു. കഴിഞ്ഞ സീസണിലെ റണ്ണറപ്പായിരുന്ന ടീമാണ് ഫോഴ്സ കൊച്ചി. മറുവശത്ത് മൂന്ന് കളികളിൽ രണ്ട് ജയവും ഒരു തോൽവിയും നേടിയാണ് മാജിക് എഫ്.സിയുടെ പടയോട്ടം. റാങ്ക് പട്ടികയിൽ ആറ് പോയന്‍റോടെ ടീം മൂന്നാമതുണ്ട്.

Tags:    
News Summary - Super League Kerala; Forza Kochi to become 'Fire Force'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.