അമ്പലമുകൾ: കൊച്ചിൻ റിഫൈനറിയിലെ തീപിടിത്തത്തെ തുടർന്ന് വീട് വിട്ട് പോയ അയ്യൻ കുഴി നിവാസികളുടെ പ്രശ്നത്തിന് ഇനിയും പരിഹാരമായില്ല. ജൂലൈ എട്ടിന് വൈകീട്ടുണ്ടായ തീപിടിത്തത്തെ തുടർന്ന് അയ്യൻ കുഴി നിവാസികൾ ചോറ്റാനിക്കരയിലെ സ്വകാര്യ ഹോട്ടലിൽ റിഫൈനറി ചിലവിൽ താമസിക്കുകയാണ്. തീ പിടിത്തത്തെ തുടർന്ന് ജൂലൈ ഒമ്പതിന് കലക്ടറും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 10 ദിവസത്തിനകം കമ്പനി അധികൃതരുമായി ചർച്ച നടത്തിയതിന് ശേഷം ചീഫ് സെക്രട്ടറി തല കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നെങ്കിലും നടപടിയായിട്ടില്ല.
കഴിഞ്ഞ ദിവസം അയ്യൻ കുഴി നിവാസികൾ കലക്ടറെ കണ്ട് ഒരു കാരണവശാലും അയ്യൻ കുഴിയിലേക്ക് തിരിച്ച് പോകില്ലെന്നും അത് തങ്ങളുടെ ജീവന് അപകടമാണന്നും പറഞ്ഞിരുന്നു. ഇതേ തുടർന്ന് 23നകം ഉന്നത തല ചർച്ച നടക്കുമെന്നാണ് അയ്യൻ കുഴി നിവാസികളെ അറിയിച്ചിരിക്കുന്നത്. നേരത്തെ കമ്പനി സ്ഥലം ഏറ്റെടുക്കുമ്പോൾ ഭൂ ഉടമകൾക്ക് ആറ് മാസത്തെ വീട്ട് വാടക നൽകിയിരുന്നു.
നിലവിലെ വീടുകൾ വാസയോഗ്യമാണോയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിച്ച് വീടുകളിൽ നിന്ന് വായു ശേഖരിച്ചിരുന്നങ്കിലും അതിന്റെ റിപ്പോർട്ടും ഇതുവരെ പുറത്ത് വന്നിട്ടില്ല. കൊച്ചിൻ റിഫൈനറിയുടെയും എച്ച്.ഒ.സിയുടെയും മതിലുകൾക്കുള്ളിൽ ഒമ്പതര ഏക്കർ സ്ഥലത്താണ് അയ്യൻ കുഴി നിവാസികൾ താമസിക്കുന്നത്. ഇവിടെ താമസിക്കുന്ന 42 കുടുംബങ്ങൾ അന്തരീക്ഷ ശബദ്ധമലിനീകരണത്തിനെതിരെ വർഷങ്ങളായി ശക്തമായ സമരത്തിലാണ്. അയ്യൻ കുഴി നിവാസികളുടെ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ നടപടി വേണമെന്ന് കോടതി വരെ ആവശ്യപ്പെെട്ടങ്കിലും സർക്കാരോ കമ്പനികളോ വേണ്ട നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ല.
നേരത്തെ മലിനീകരണ നിയന്ത്രണ ബോർഡിനോട് ഇവിടത്തെ വായു, വെള്ളം എന്നിവ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈകോടതി നിർദേശിച്ചിരുന്നു. 30 ദിവസം തുടർച്ചയായി പരിശോധിച്ച് വെള്ളത്തിലും വായുവിലും മലിനീകരണ വസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ മെഡിക്കൽ പരിശോധനയിലും ഇവിടത്തെ ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. അതിനാൽ ഇക്കുറിയെങ്കിലും തങ്ങളുടെ സ്ഥലം ഏറ്റെടുക്കാൻ നടപടി വേണമെന്നാണ് അയ്യൻ കുഴി നിവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.