കൊച്ചി: നഗരത്തിൽ ഉല്ലാസത്തിനും വ്യായാമത്തിനുമൊരുക്കിയ ക്വീൻസ് വാക്ക്വേയെ കുപ്പത്തൊട്ടിയാക്കി സാമൂഹികവിരുദ്ധർ. ഇവിടെ വിശ്രമിക്കാനും വ്യായാമത്തിനും പ്രഭാതസവാരിക്കും മറ്റും വരുന്നവർ പുതിയ ഇടങ്ങൾ അന്വേഷിക്കേണ്ട ഗതികേടിലാണ്.
സാമൂഹികവിരുദ്ധർ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയാണ്. പ്രതിദിനം വൃത്തിയാക്കൽ നടക്കാത്തതും വാക്വേയിലൂടെ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയുണ്ടാക്കുന്നു. നടക്കാനും ഇരിക്കാനും ഉല്ലസിക്കാനും വരുന്നവർ ഉപേക്ഷിച്ച ഭക്ഷണ മാലിന്യങ്ങളാൽ വൃത്തിഹീനമാണ് വാക്ക്വേ.
അടുക്കള മാലിന്യങ്ങളുൾപ്പെടെ ഉപേക്ഷിച്ചവരുണ്ട്. ചിരട്ടകളും അടുക്കള മാലിന്യങ്ങളും അഭിഭാഷകർ ഉപയോഗിക്കുന്ന ബാൻഡുകളടക്കം മാലിന്യക്കൂട്ടത്തിലുണ്ട്. കൊച്ചി കായലിന് അഭിമുഖമായി നഗരത്തിൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തിയും ജനപ്രതിനിധികളുടെ ഫണ്ടുകൾ ഉപയോഗിച്ചും നിർമിച്ച വാക്ക്വേയാണ് നഗരമാലിന്യങ്ങൾ ഉപേക്ഷിക്കുന്നയിടമായി മാറിയത്.
രാത്രിയിലാണ് കൂടുതൽ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത്. യാത്രക്കിടയിൽ വിശ്രമിക്കാനെത്തുന്നവർ ഭക്ഷണം കഴിച്ചശേഷം മാലിന്യങ്ങൾ ഇരിപ്പിടങ്ങളിൽ തന്നെ ഉപേക്ഷിക്കുകയാണ്. ബർത്ത് ഡേ പാർട്ടികൾ ആഘോഷിക്കുന്നവർ കേക്കിന്റെ അവശിഷ്ടങ്ങളും പാക്കറ്റുകളും കസേരയിലും കായലിലുമാണ് ഉപേക്ഷിക്കുന്നത്. വൃത്തിഹീന ഇടങ്ങൾ ശുചീകരിക്കാനോ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താനോ ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) തയാറാകുന്നില്ലെന്നാണ് ആക്ഷേപം. ഭക്ഷണ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് വ്യാപകമായതോടെ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാണ് ഇവിടം. വിശ്രമിക്കാനെത്തുന്നവർക്കും, വ്യായാമത്തിനെത്തുന്നവർക്കും തെരുവ് നായ്ക്കൂട്ടം വലിയ വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.