മാനസികാരോഗ്യ സാക്ഷരത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മീ ഹെൽപ്പ് നടത്തുന്ന നാടകത്തിൽ നിന്ന്

മീ ഹെൽപ്പ് ഇന്ത്യ കോൺഫറൻസ്

കൊച്ചി: വിഷാദ രോഗവും ആത്മഹത്യയും വർധിക്കുന്ന കാലത്ത് മാനസികാരോഗ്യ സാക്ഷരത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കലയെ കൂട്ടുപിടിച്ച് മൂന്ന് വർഷമായി ബോധവത്കരണത്തിലാണ് ഒരു സംഘം മാനസികാരോഗ്യ വിദഗ്ധരും സാമൂഹ്യ പ്രവർത്തകരും. കലയും സാഹിത്യവും കൂട്ടിയിണക്കി നടത്തുന്ന രാജ്യത്തെ ആദ്യ പഠനമാണ് മീ ഹെൽപ്പ് ഇന്ത്യ (മെൻറൽ ഹെൽത്ത് ലിറ്ററസി പ്രോഗ്രാം ഇന്ത്യ) പ്രൊജക്ട്. കേരളത്തിലെ നഗര-ഗ്രാമീണ പ്രദേശങ്ങളിൽ മാനസികാരോഗ്യ സാക്ഷരത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2018ൽ മീ ഹെൽപ്പ് പ്രൊജക്ട് ആരംഭിച്ചത്.

ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും മാനസികാരോഗ്യ വിദഗ്ധരെയും കലാരംഗത്തുള്ളവരെയും ഉൾപ്പെടുത്തിയായിരുന്നു പ്രവർത്തനം. ചോറ്റാനിക്കര, ഇടപ്പള്ളി, എലപ്പുള്ളി, അട്ടപ്പാടി, വൈലത്തൂർ, പൊന്നാനി, പയ്യോളി, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തെ നഗര ഗ്രാമ മേഖലകളിൽ നിന്ന് തിരഞ്ഞെടുത്ത എട്ട് പ്രദേശങ്ങളിലായിരുന്നു പഠനം നടത്തിയത്. ഇവിടങ്ങളിലെ സംസ്കാരത്തിന് അനുസൃതമായ മാനസികാരോഗ്യ സാക്ഷരത വളർത്തിയെടുക്കുകയായിരുന്നു ഉദ്ദേശ്യം.

കഥപറച്ചിൽ, നാടകം, ഹ്രസ്വചിത്രങ്ങൾ തുടങ്ങിയവയിലൂടെ മാനസിക പ്രശ്നം നേരിടുന്നവരിലേക്കും അവരുടെ കുടുംബങ്ങളിലേക്കും ഇറങ്ങിച്ചെല്ലുകയും അവർ നേരിടുന്ന വിവിധതരം വെല്ലുവിളികൾ മനസ്സിലാക്കലുമായിരുന്നു ശ്രമം. നിരവധി ചർച്ചകകളും സംവാദങ്ങളും പഠനത്തിന്‍റെ ഭാഗമായി നടത്തി.

യു.കെയിലെ ലെയ്‌സെസ്റ്ററിലുള്ള ഡീ മൊൻഡ്‌ഫോർട് യൂനിവേഴ്സിറ്റിയിലെ ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് വകുപ്പിലെ മെന്‍റൽ ഹെൽത്ത് വിഭാഗം അധ്യാപകനായ ഡോ. രഘുരാഘവനാണ് മീ ഹെൽപ്പിന്‍റെ സൂത്രധാരൻ. മൂന്ന് വർഷമായി നടക്കുന്ന പ്രൊജക്ടിന്‍റെ വിവരങ്ങളും സംശയ നിവാരണം നടത്തുന്നതിനുള്ള സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ബുധനാഴ്‌ച മുതൽ ആരംഭിക്കുന്ന വിർച്വൽ കോൺഫറൻസ് വഴിയാണ് ഇതിന് സൗകര്യമൊരുക്കിയത്. ആറു ദിവസം നീളുംന്ന പരിപാടി കേരള സർവകലാശാല ഹെൽത്ത് സയൻസസ് വകുപ്പ് മേധാവി ഡോ. മോഹനൻ കുന്നുമ്മേൽ ഉദ്ഘാടനം ചെയ്യും. കോൺഫറൻസും അനുബന്ധ പരിപാടികളും https://www.mdc2021.mehelp.in/ ൽ ലഭ്യമാണ്.

Tags:    
News Summary - Me Help India Project conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.