ആലങ്ങാട്: തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വനിത സംവരണ ഡിവിഷനായ ആലങ്ങാട് എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. 95 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ രണ്ട് തവണ ഒഴികെ യു.ഡി.എഫ് സ്ഥാനാർഥികളാണ് ജയിച്ചിട്ടുള്ളത്. മുൻ ജില്ല പഞ്ചായത്തംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ സിന്‍റ ജേക്കബ് യു.ഡി.എഫിന് വേണ്ടിയും ഹൈകോടതിയിലെ യുവ അഭിഭാഷക വരാപ്പുഴ സ്വദേശിയായ അഡ്വ. ഡീനാ ജോസഫ് എൽ.ഡി.എഫിനായും ഗോദയിലുണ്ട്. എൻ.ഡി.എക്കായി മഹിള മോർച്ച നേതാവ് തിരുവാല്ലൂർ സ്വദേശി മായ പ്രകാശൻ, എസ്.ഡി.പി.ഐ സ്ഥാനാർഥിയായി മുഫീദ മുഹമ്മദലി എന്നിവരും മത്സര രംഗത്തുണ്ട്. 2005ൽ അന്നത്തെ ഡി.ഐ.സിയുടെ പ്രതിനിധി എൽ.ഡി.എഫിനൊപ്പം നിന്നാണ് സിന്‍റ ജേക്കബ് ജില്ല പഞ്ചായത്തിലേക്ക് ആലങ്ങാട് പഞ്ചായത്ത് ഉൾപ്പെടുന്ന ഡിവിഷനിൽനിന്നും വിജയിച്ചത്.
ഡി.ഐ.സി വീണ്ടും കോൺഗ്രസിന്റെ ഭാഗമായപ്പോൾ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലേക്ക് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടു. ആലങ്ങാട് ഡിവിഷനിൽ നിലവിൽ സി.പി.ഐ നേതാവായിരുന്ന കെ.വി. രവീന്ദ്രനാണ് ലീഗിന്‍റെ വി.കെ. അബ്ദുൽ അസീസിനെ തോൽപ്പിച്ച് ജില്ല പഞ്ചായത്തംഗമായത്. എന്നാൽ രണ്ട് മാസം മുമ്പ് പാർട്ടിയും ജില്ല പഞ്ചായത്തംഗത്വവും രാജിവെച്ച് സി.പി.എമ്മിൽ ചേരുകയായിരുന്നു രവീന്ദ്രൻ. ആലങ്ങാട്, വരാപ്പുഴ പഞ്ചായത്തുകൾ പൂർണമായും കരുമാല്ലൂർ പഞ്ചായത്തിന്‍റെ മൂന്ന് വാർഡുകളും ഉൾപ്പെടുന്നതാണ് ഇപ്പോഴത്തെ ആലങ്ങാട് ഡിവിഷൻ. ഇതിൽ വരാപ്പുഴ യു.ഡി.എഫിന്‍റെ ഉരുക്കുകോട്ടയാണ്. ആലങ്ങാട് ആകട്ടെ എൽ.ഡി.എഫിന് സാമാന്യം ഭേദപ്പെട്ട ശക്തിയുള്ള പഞ്ചായത്താണ്. കരുമാല്ലൂരിലെ മൂന്ന് വാർഡുകളിലും ഇടതിനെ എഴുതി തള്ളാനാകില്ല. രണ്ട് സ്ഥാനാർഥികളും മികച്ച പ്രകടനമാണ് പ്രചരണ രംഗത്ത് കാഴ്ചവെക്കുന്നത്. വരാപ്പുഴ ബി.ജെ.പിക്ക് സ്വാധീനമുള്ള മേഖലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.