തദ്ദേശ തിരഞ്ഞെടുപ്പ്; എടത്തലക്കായി കനത്ത പോര്

ആലുവ: ജില്ല പഞ്ചായത്ത് എടത്തല ഡിവിഷൻ നിലനിർത്താനും തിരിച്ച് പിടിക്കാനും എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ കനത്ത പോര്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ ജയിച്ച എൽ.ഡി.എഫ് ഹാട്രിക് വിജയത്തിനുള്ള പോരാട്ടത്തിലാണ്. തങ്ങൾക്ക് അനുകൂലമായ മണ്ണായിരുന്നിട്ടും മുമ്പ് കൈവിട്ട ഡിവിഷൻ തിരിച്ച് പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് യു.ഡി.എഫ്. എൻ.ഡി.എ, എസ്.ഡി.പി.ഐ, പി.ഡി.പി സ്ഥാനാർഥികളും ശക്തമായ പ്രചാരണമാണ് നടത്തുന്നത്. തീ പാറുന്ന മത്സരമാണ് ഇവിടെ.

എടത്തല, ചൂർണിക്കര പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഡിവിഷൻ. സി.പി.ഐ എടത്തല ലോക്കൽ കമ്മിറ്റി സെക്രട്ടറിയും എ.ഐ.ടി.യു.സി ആലുവ മണ്ഡലം സെക്രട്ടറിയുമായ കെ.കെ. അബ്ദുൽ സത്താറാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് അംഗവും ലൈറ്റ് ആന്‍റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ല പ്രസിഡന്‍റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. എടത്തല പഞ്ചായത്തിലേക്ക് മുമ്പ് മത്സരിച്ചിട്ടുണ്ട്. മുൻകാലത്ത് ഗാനമേളകളിൽ പാടിയിരുന്നു.

യൂത്ത് ലീഗ് ജില്ല ട്രഷറർ പി.എം. നാദിർഷയാണ് യു.ഡി.എഫ് സ്ഥാനാർഥി. ലഹരി നിർമാർജന സമിതി യൂത്ത് വിങ് സംസ്ഥാന സെക്രട്ടറിയാണ്. ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ബി.ജെ.പി ഒ.ബി.സി മോർച്ച ജില്ല പ്രസിഡന്‍റ് സോമശേഖരൻ കല്ലിങ്കലാണ് എൻ.ഡി.എ സ്ഥാനാർഥി.

പാർട്ടി ജില്ല സെക്രട്ടറി എൻ.കെ. നൗഷാദാണ് എസ്.ഡി.പി.ഐ സ്ഥാനാർഥി. 2016ൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൽ ദേശം ഡിവിഷനിൽ മത്സരിച്ചിരുന്നു. എസ്.എഫ്.ഐയിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച നൗഷാദ് ഡി.വൈ.എഫ്.ഐയിലും സി.പി.എമ്മിലും പ്രവർത്തിച്ചിട്ടുണ്ട്. പി.ഡി.പി മുൻ മണ്ഡലം സെക്രട്ടറിയും നിലവിൽ ചൂർണ്ണിക്കര പഞ്ചയത്ത് ട്രഷററുമായ ഷെമീർ കുന്നത്തേരിയാണ് പി.ഡി.പി സ്ഥാനാർഥി.

കഴിഞ്ഞ 10 വർഷം എടത്തല ഡിവിഷനിലുണ്ടായ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർഥി കെ.കെ. അബ്ദുൽ സത്താർ വോട്ടുതേടുന്നത്. എന്നാൽ, കഴിഞ്ഞ 10 വർഷമായി ഡിവിഷനിൽ വികസന മുരടിപ്പാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഡിവിഷനിൽ വേണ്ടത്ര വികസനമെത്തിക്കാൻ എൽ.ഡി.എഫിനായില്ലെന്നും അവർ ആരോപിക്കുന്നു. സ്ഥാനാർഥി നിർണയത്തിൽ മുസ്ലിം ലീഗിലുണ്ടായ പടല പിണക്കം യു.ഡി.എഫിന്റെ വിജയത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ളവരെ തീരുമാനിച്ചതിലും മുന്നണിയിൽ അമർഷമുണ്ട്.

എടത്തല പഞ്ചായത്തിലെ സി.പി.എം ഭരണ സമിതിക്കകത്തെ ഗ്രൂപ്പ് പോരും ഏതാനും മാസം മുമ്പ് സി.പി.ഐയിലുണ്ടായ പ്രശ്നങ്ങളും ഇടത് പക്ഷത്തിന് തലവേദനയാണ്. നിലവിൽ ജില്ല പഞ്ചായത്ത് അംഗമായിരുന്ന റൈജ അമീറടക്കം ചില സി.പി.ഐ പ്രവർത്തകരും ഭാരവാഹികളും കുറച്ച് നാൾ മുമ്പ് പാർട്ടിയിൽനിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്നിരുന്നു.

Tags:    
News Summary - local body election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.