പള്ളുരുത്തി: ഇടക്കൊച്ചിയിൽ രണ്ട് കുടുംബം താമസിച്ചിരുന്ന ഓടിട്ട വീടിന് തീപിടിച്ചു. വീട് പൂർണമായും കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. പനച്ചിത്തറ വീട്ടിൽ പ്രതാപൻ, സിന്ധു എന്നീ രണ്ടു കുടുംബങ്ങളാണ് താമസിച്ചിരുന്നത്.
വീട്ടിലുള്ളവർ ജോലിക്ക് പോയ സമയം മുറി പൂട്ടിയിട്ടിരുന്നു. ഇവിടെ നിന്നാണ് തീ ആദ്യം ഉയർന്നത്. നാട്ടുകാർ വെള്ളം ഒഴിച്ചു തീയണക്കാൻ ശ്രമിച്ചെങ്കിലും ആളിപ്പടരുകയായിരുന്നു. സ്ഥലത്തെത്തിയ ഡിവിഷൻ കൗൺസിലർ അഭിലാഷ് തോപ്പിൽ വിവരമറിയിച്ചതിനെ തുടർന്ന് മട്ടാഞ്ചേരി, അരൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. അരൂർ ഫയർസ്റ്റേഷനിൽനിന്നുള്ള സ്റ്റേഷൻ ഓഫിസർ പി.എ. ലിഷാദ്, എസ്.എഫ്.ആർ.ഒ വി.എസ്. സനീഷ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂനിറ്റും മട്ടാഞ്ചേരി ഫയർ സ്റ്റേഷനിൽനിന്നും സ്റ്റേഷൻ ഇൻ ചാർജ് പി.ബി. സുഭാഷിന്റെ നേതൃത്വത്തിൽ ഒരു യൂനിറ്റും സ്ഥലത്തെത്തി തീയണച്ചു. തീപിടoത്തത്തിൽ വീടിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു.
വീട്ടിലുണ്ടായിരുന്ന എ.സി, ടി.വി, അലമാര ഉൾപ്പെടെയുള്ള ഫർണീച്ചറുകൾ അടക്കം കത്തിച്ചാമ്പലായി. കത്തിയ അലമാരിയിലെ ഒരു പവന്റെ സ്വർണം, ലോൺ അടക്കാൻ വെച്ചിരുന്ന പണം, സ്കൂൾ സർട്ടിഫിക്കറ്റുകൾ എന്നിവയും കത്തിനശിച്ചതായി വീട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.