കൊച്ചി: നഗരസഭ പ്രദേശങ്ങളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, നഗരസഭ ആരോഗ്യ വിഭാഗം, പോലീസ്, ഫുഡ് സേഫ്റ്റി വകുപ്പുകൾ എന്നിവർ സംയുക്തമായി തട്ടുകടകളിലും വഴിയോര ഭക്ഷണശാലകളിലും മിന്നൽ പരിശോധന നടത്തി. ജില്ല മെഡിക്കൽ ഓഫീസർ ഡോ. ഷാഹിർഷായുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഏരിയ, റെയിൽവേ സ്റ്റേഷൻ, ബോട്ട് ജെട്ടി പരിസരം തുടങ്ങിയ സ്ഥലങ്ങളിലെ 30 കടകളിൽ നടത്തിയ പരിശോധനയിൽ തീർത്തും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ച രണ്ട് കടകൾ അടപ്പിച്ചു.
കുടിവെള്ള പരിശോധനാ റിപ്പോർട്ട് ഇല്ലാത്ത എട്ട് കടകളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും, ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പരിഹാര നിർദേശങ്ങൾ അടങ്ങിയ നോട്ടീസ് നൽകുകയും ചെയ്തു. ഹെൽത്ത് കാർഡിന്റെ അഭാവം, ഗുണനിലവാരമില്ലാത്ത കുടിവെള്ളം, മോശം പഴങ്ങൾ ഉപയോഗിച്ച് ശീതളപാനീയങ്ങൾ തയാറാക്കൽ, പഴകിയ ആഹാരം റഫ്രിജറേറ്ററിൽ സൂക്ഷിക്കൽ തുടങ്ങിയ ഗുരുതര അപാകതകൾ കണ്ടെത്തിയ സാഹചര്യത്തിൽ വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. പൊതുജനാരോഗ്യം മുൻനിർത്തി ജില്ലയിലെ തട്ടുകടകൾ, ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, കെയർ ഹോമുകൾ എന്നിവർക്കായി ആരോഗ്യവകുപ്പ് കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ആഹാരം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുക, 20 മിനിറ്റ് തിളപ്പിച്ച വെള്ളം മാത്രം കുടിക്കാൻ നൽകുക, തിളപ്പിച്ച വെള്ളത്തിൽ തിളപ്പിക്കാത്ത വെള്ളം ചേർക്കാതിരിക്കുക, കിണർ ക്ലോറിനേറ്റ് ചെയ്ത തീയതിയും കുടിവെള്ള പരിശോധനാ ഫലവും ലൈസൻസും കൃത്യമായി പ്രദർശിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഡി.എം.ഒക്കൊപ്പം ടെക്നിക്കൽ അസിസ്റ്റന്റുമാരായ കെ.ടി സന്തോഷ് , എം.ആർ. ബാബു, ഹെൽത്ത് സൂപ്പർവൈസർ ജലീൽ, ഹെൽത്ത് ഇൻസ്പെക്ടർ ഷിബി ആന്റണി, കോർപറേഷൻ ഹെൽത്ത് ഓഫീസ് ഇൻ ചാർജ് കൃഷ്ണകുമാർ, ഫുഡ് സേഫ്റ്റി ഓഫിസർമാരായ റാണി ചാക്കോ, എലിസബത്ത് ജെൻസി, സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, ഷാമിൽ എന്നിവരടങ്ങിയ സംഘമാണ് പ്രത്യേക മിന്നൽ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.