ഫോർട്ട്​കൊച്ചി പൈതൃക ജയിൽ വീണ്ടും വിവാദത്തിലേക്ക്

ഫോർട്ട്കൊച്ചി: സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്‍റെ ചിത്രം ജയിൽ ചുവരിൽനിന്ന് നീക്കം ചെയ്തതിനെ തുടർന്ന് വിവാദത്തിലായ പൈതൃകജയിൽ വീണ്ടും വിവാദത്തിലേക്ക്. ജയിലിൽ സ്വാതന്ത്ര്യ സമരസേനാനികളാരും കിടന്നതിന് രേഖകളില്ലെന്ന ജയിലിന്റെ സംരക്ഷണ ചുമതലയുള്ള കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റി നോഡൽ ഓഫിസർ ബോണി തോമസിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ വിവാദമായി മാറിയത്. ജയിലിൽനിന്ന് മാറ്റിയ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായെത്തിയ കോൺഗ്രസ് നേതാക്കളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു ചരിത്രരേഖയിലും സ്വാതന്ത്ര്യ സമരസേനാനികൾ ഈ ജയിലിൽ കിടന്നതായി പറയുന്നില്ലെന്നും ഇത് തന്റെ അഭിപ്രായമാണെന്നും ഔദ്യോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് കൊച്ചിയുണ്ടായിരുന്ന കാലത്ത് ക്രിമിനലുകളെ തടവിൽവെക്കാൻ ഉപയോഗിച്ചിരുന്നതാണ് ഇവിടമെന്നും ഈ ജയിലിന് ജയിൽ ഓഫ് ഫ്രീഡം സ്ട്രെഗ്ളേഴ്സ് എന്ന പേര് നൽകിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ കൊണ്ടുവന്നാൽ സന്തോഷമെന്നും അല്ലാതെ തെറ്റായ ചരിത്രം ആളുകൾക്ക് പറഞ്ഞുകൊടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിലിൽ ഇ.എം.എസ്, എ.കെ.ജി, അക്കാമ്മ ചെറിയാൻ, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് തുടങ്ങിയ സ്വാതന്ത്ര്യസമരസേനാനികൾ കിടന്നിട്ടുള്ളതായാണ് പഴമക്കാർ ചൂണ്ടിക്കാട്ടുന്നത്. ഇവരുടെ നാലുപേരുടെയും ചിത്രങ്ങളും ജയിൽ മതിലിൽ നേരത്തേ സ്ഥാപിച്ചിരുന്നു. ഇതിൽ നവീകരണം നടത്തിയപ്പോൾ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്‍റെ ചിത്രം എടുത്തുമാറ്റിയതാണ് ആദ്യം വിവാദമായത്. നവീകരിച്ച ജയിൽ മ്യൂസിയം ഉദ്ഘാടന വേളയിൽ മന്ത്രിമാരായ പി. രാജീവ്, എം.വി. ഗോവിന്ദൻ എന്നിവരും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്വാതന്ത്യസമരവേളയിൽ ഈ തടവറയിൽ കിടന്ന കാര്യം ഊന്നിപ്പറഞ്ഞിരുന്നു. മുഹമ്മദ് അബ്ദുറഹിമാൻസാഹിബിന്‍റെ ചിത്രം ജയിൽ ചുവരിൽനിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങളും നടന്നിരുന്നു. ഇതിനിടയാണ് നോഡൽ ഓഫിസർ കൂടിയായ ബോണി തോമസിന്റെ വെളിപ്പെടുത്തൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

വെളിപ്പെടുത്തൽ ശരിയെങ്കിൽ ടൂറിസം വകുപ്പ് ഔദ്യോഗികമായി സ്ഥാപിച്ച ജയിൽ ഓഫ് ഫ്രീഡം സ്ട്രെഗ്ളേഴ്സ് എന്ന ബോർഡ് മാറ്റേണ്ടിവരുകയും ഇക്കാലമത്രയും ഇവിടം സന്ദർശിച്ച ചരിത്ര വിദ്യാർഥികളെയും സഞ്ചാരികളെയും തെറ്റിദ്ധരിപ്പിച്ചതായും വിലയിരുത്തപ്പെടും. ഇതിനിടെ കൊച്ചിയിലെ കച്ചി വിഭാഗക്കാരുടെ പൂർവികർ പാകിസ്താനികളാണെന്ന ബോണി തോമസിന്‍റെ മറ്റൊരു ചടങ്ങിലെ പ്രഖ്യാപനവും വിവാദമായിട്ടുണ്ട്.

Tags:    
News Summary - Fort Kochi Heritage Jail Back to the controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.