കൊച്ചി: ഇന്ത്യ- യൂറോപ്യൻ യൂനിയൻ നഗര പങ്കാളിത്ത പരിപാടിയുടെ ഭാഗമായി യൂറോപ്യൻ യൂനിയന്റെ നേതൃത്വത്തിൽ കൊച്ചി കോർപറേഷന്റെ സഹകരണത്തോടെ 'നഗര സുസ്ഥിരതയും സ്മാർട്ട്സിറ്റികളും' വിഷയത്തിൽ കൊച്ചിയിൽ നടന്ന ദ്വിദിന ശിൽപശാല സമാപിച്ചു. കൊച്ചിയുടെ ഗതാഗത നവീകരണത്തിനായി യൂറോപ്യൻ യൂനിയന്റെ സഹകരണത്തോടെ സാമ്പത്തിക - സാങ്കേതിക ക്ലസ്റ്റർ രൂപവത്കരിക്കാൻ തീരുമാനമായി.
യൂറോപ്യൻ നഗരങ്ങളും കൊച്ചിയും തമ്മിൽ ഗതാഗത മേഖലയിലെ നൂതന സാങ്കേതികത കൈമാറ്റമടക്കമുള്ള കാര്യങ്ങൾ ഈ ക്ലസ്റ്ററിന്റെ ഭാഗമാകും. ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട നാല് നഗരങ്ങളിൽ നടത്തപ്പെടുന്ന ഇന്തോ- യൂറോ നഗര സുസ്ഥിര ശിൽപശാലകളിലെ ആദ്യത്തേതായിരുന്നു കൊച്ചിയിലേത്. പൊതുഗതാഗതം പൂർണമായി സൗജന്യമാക്കണം എന്ന നിർദേശമാണ് ശിൽപശാലയുടെ ഭാഗമായി ഉയർന്നത്.
ആധുനിക ഗതാഗതരംഗത്തെ കുറിച്ചുള്ള സെമിനാറുകളാണ് ശിൽപശാലയുടെ രണ്ടാം ദിവസമായ വ്യാഴാഴ്ച നടന്നത്.
ആഗോളാടിസ്ഥാനത്തിൽ സ്വകാര്യ-പൊതു ഗതാഗതത്തിൽ വന്നുകൊണ്ടിരിക്കുന്ന സാങ്കേതിക മാറ്റങ്ങളും ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിലും ഗതാഗത മാനേജ്മെന്റിലും സംഭവിക്കുന്ന മാറ്റങ്ങളും നൂതനരീതികളും ചർച്ചയായി.
ഫ്രാൻസിലെ ഗതാഗത സാമ്പത്തിക വശങ്ങൾ ഒലിവർ കൂസിയർ, ഇറ്റലിയിലെ നൂതന പൊതുഗതാഗത സംരംഭങ്ങളെക്കുറിച്ച് പൗലോ ഗാൻഡോൾഫി, ഫിൻലൻഡിലെ ഗതാഗത സാങ്കേതികതയെക്കുറിച്ച് ജയിംസ് ന്ജൂയൻ എന്നിവർ സെമിനാറിൽ അവതരണം നടത്തി. ഇന്ത്യൻ നഗരങ്ങളിലെ ഗതാഗത സംരംഭങ്ങളെക്കുറിച്ച് അനുഷ് മൽഹോത്ര, ക്രിസ്റ്റി ആൻ ചെറിയാൻ എന്നിവരുടെ അവതരണവുമുണ്ടായി.
കേരള മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രവർത്തനങ്ങളും നേരിടുന്ന വെല്ലുവിളികളും കെ.എം.ടി.എ, എക്സിക്യൂട്ടിവ് ഓഫിസർ ഹരി പ്രഭാഷണം നടത്തി.
കെ.എം.ടി.എ പ്രവർത്തനങ്ങൾക്ക് യൂറോപ്യൻ യൂനിയൻ സഹകരണം വാഗ്ദാനം ചെയ്തു. സമാപന സമ്മേളനത്തിൽ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഇന്തോ - യൂറോപ്യൻ യൂനിയൻ നഗര പങ്കാളിത്ത വികസന പദ്ധതി ടീം ലീഡർ നീലഭ് സിങ്, നഗര പങ്കാളിത്ത വികസന പദ്ധതി പ്രധാന വിദഗ്ധ നിതിക കൃഷ്ണൻ എന്നിവരും സി- ഹെഡ് ഡയറക്ടർ ഡോ. രാജനും പങ്കെടുത്തു.
ശിൽപശാലയിലെ നിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമെന്നും കൂടുതൽ മേഖലകളിൽ യൂറോപ്യൻ യൂനിയൻ സഹകരണം നേടാൻ ശ്രമിക്കുമെന്നും മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.