കൊച്ചി: മഴയൊന്ന് പെയ്താൽ കുളമായി മാറുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മുഖം മിനുക്കൽ ശ്രമത്തിലാണ്. സ്റ്റാൻഡിനുള്ളിലും പുറത്തുമുണ്ടാക്കുന്ന വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാനാണ് തീവ്ര ശ്രമം. തറനിരപ്പ് ഉയർത്തുന്നതാണ് ഇതിലെ പ്രധാന പ്രവർത്തനം. വെള്ളം പൂർണമായി തടസ്സമില്ലാതെ ഒഴുകി പോകാൻ കഴിയും വിധം ഡ്രെയ്നേജിന്റെ വലുപ്പം വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ബസ് സ്റ്റാൻഡിന്റെ കിഴക്ക് അതിർത്തിയിൽ പാർശ്വഭിത്തി കെട്ടി കനാലിൽ നിന്ന് വെള്ളം കയറുന്നത് തടയാനുള്ള ശ്രമവുമുണ്ട്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ബസ് സ്റ്റാൻഡിന്റെ തറനിരപ്പ് നിലവിലുള്ളതിലേതിനെക്കാൾ ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്.
നിലവിൽ പുറത്തെ തറനിരപ്പിനേക്കാൾ താഴെയാണ് സ്റ്റാൻഡിനുള്ളിലുള്ള ഭാഗം. ഇതെല്ലാം മണ്ണിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്യും. ഇതോടെ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കാനാകുമെന്നാണ് അധികൃതരുടെ വിശ്വാസം. കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. മുകളിൽ ടൈൽസ് പാകുന്നതിനും റൂഫ് വർക്ക് ചെയ്യുന്നതിനും തീരുമാനമുണ്ട്. ഇവയെല്ലാം സമയബന്ധിതമായി തീർക്കുമെന്നാണ് അറിയിപ്പ്.
ഒന്നരക്കോടിയോളം രൂപ ചെലവിട്ടാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. എം.എൽ.എ ഫണ്ട്, ബി.പി.സി.എല്ലിന്റെ സി.എസ്.ആർ ഫണ്ട് എന്നിവയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് നിലവിലെ കെട്ടിടവും പരിസരവും ഉപയോഗ യോഗ്യമായ രീതിയിലേക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. തുടർച്ചയായ പരിശോധനകളും ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഗതാഗത മന്ത്രി ഗണേഷ് കുമാർ ബസ് സ്റ്റാൻഡ് സന്ദർശിച്ച ഘട്ടത്തിലാണ് ഇത്തരമൊരു നിർമാണ പ്രവർത്തനം നടത്തുന്നതിന് തീരുമാനമെടുത്തത്. ഉടൻ നിർമാണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മഴക്കാലം എത്തുന്നതിനോടനുബന്ധിച്ചാണ് നിർമാണം തുടങ്ങിയതെന്ന വിമർശനമുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, പഴകിയ നിലവിലെ കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കാനുള്ള പദ്ധതി ഇപ്പോഴും എവിടെയുമെത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. സ്മാർട്ട് സിറ്റി മിഷനുമായി ചേർന്ന് മൊബിലിറ്റി ഹബ്ബ് മാതൃകയിലുള്ള പദ്ധതിയാണ് ഇവിടെ ആവിഷ്കരിച്ചിട്ടുള്ളത്. ഈ പുതിയ സ്റ്റാൻഡിനുള്ള ധാരണപത്രം സ്മാർട്ട് സിറ്റി മിഷനുമായി ഒപ്പുവെക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.