കൊച്ചി: വിദ്യാർഥികളെ ഉന്നംവെക്കുന്ന ലഹരിമാഫിയക്കെതിരായ പോരാട്ടം ശക്തമാക്കുകയാണ് നാട്. മയക്കുമരുന്ന് മാഫിയയെ തുരത്താൻ ഇടവേളകളില്ലാത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ജില്ല. ഇതിന്റെ ഭാഗമായി, കലാലയങ്ങളിൽനിന്ന് ലഹരിയെ തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ലഹരിവിമുക്ത എറണാകുളം പദ്ധതിക്ക് തുടക്കമായി. ലഹരിയെന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ നടപടിയാണ് സർക്കാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നതെന്നും ഇതിന്റെ ഭാഗമായാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്നും മന്ത്രി പി. രാജീവ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ജില്ലയിൽ പൊലീസും എക്സൈസ് വകുപ്പും നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനം ഏകോപിപ്പിച്ചായിരിക്കും പ്രവർത്തനം. സ്കൂളുകളിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. ലഹരി വിതരണക്കാരുടെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നായി കോളജ് വിദ്യാർഥികൾ മാറുന്ന സാഹചര്യത്തിലാണ് നടപടി.
മെഡിക്കൽ, എൻജിനീയറിങ്, നഴ്സിങ് കോളജുകൾ ഉൾപ്പെടെ സർക്കാർ, എയ്ഡഡ്, പ്രൈവറ്റ് മേഖലയിലെ മുഴുവൻ കോളജുകളെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കൗൺസലിങ്, ചികിത്സയിലൂടെ തിരികെ കൊണ്ടുവരാനുള്ള ശ്രമവും നടപ്പാക്കും. ആഗസ്റ്റ് ഒന്ന് മുതൽ 15വരെ ജില്ലയിലെ കോളജുകളിൽ ലഹരിവിമുക്ത കാമ്പസ് എന്ന പേരിൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
എല്ലാ കോളജുകൾക്കും ലഹരി വിരുദ്ധ പോളിസി രൂപവത്കരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഏറ്റവും മികച്ച പോളിസി രൂപവത്കരിക്കുകയും കാമ്പസുകളെ ലഹരി വിരുദ്ധമാക്കുന്നതിന് മികച്ച പ്രവർത്തനം നടത്തുകയും ചെയ്യുന്ന കോളജിന് കലക്ടറുടെ പ്രത്യേക പുരസ്കാരം നൽകുമെന്നും മന്ത്രി അറിയിച്ചു.
നിലവിലുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾക്ക് സമാനമായി ജൂലൈ 31നകം കോളജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളും രൂപവത്കരികരിക്കും. കോളജ് പ്രിൻസിപ്പൽ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കൊപ്പം പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരെയും ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തും.
നിലവിൽ ജില്ലയിൽ 48 കലാലയങ്ങളിൽ കോളജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപവത്കരിച്ചിട്ടുണ്ട്. അതത് പ്രദേശത്തെ സ്റ്റേഷൻ ഹൗസ് ഓഫിസറോ എക്സൈസ് ഉദ്യോഗസ്ഥരോ ആയിരിക്കും ഗ്രൂപ്പുകളുടെ കൺവീനർമാർ. എൻ.സി.സി, എൻ.എസ്.എസ്, എൻ.ജി.ഒകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമാകും.
ലഹരി ഉപയോഗിക്കുന്ന കുട്ടികൾക്ക് കൗൺസലിങ്, ചികിത്സ തുടങ്ങിയവ നൽകി അതിൽനിന്ന് മുക്തരാക്കും. പുതുതായി എത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും ലഹരി വിരുദ്ധ ബോധവത്കരണം നടത്തും. വിദ്യാർഥികളെ ലഹരി നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമാക്കും. കോളജുകളിൽ ക്ലാസ് തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പും ക്ലാസ് കഴിഞ്ഞ് അരമണിക്കൂറും സ്ഥാപനത്തിന്റെ അടുത്ത് പൊലീസിന്റെയും എക്സൈസിന്റെയും സാന്നിധ്യം ഉറപ്പാക്കുന്നതിന് വകുപ്പ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ലഹരി മരുന്നുകളുടെ ലഭ്യത കുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും. കൊച്ചി സിറ്റി പൊലീസിന്റെ ഉദയം പദ്ധതി, റൂറൽ പൊലീസിന്റെ പുനർജനി, അതിജീവനം പദ്ധതികൾ, എക്സൈസ് വകുപ്പിന്റെ നേർക്കൂട്ടം, ശ്രദ്ധ പദ്ധതികൾ തുടങ്ങിയവയുമായി ഏകോപിച്ചാണ് ലഹരിവിമുക്ത എറണാകുളം പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കലക്ടർ എൻ.എസ്.കെ. ഉമേഷ്, ഡെപ്യൂട്ടി പൊലീസ് കമീഷണർ അശ്വതി ജിജി, എക്സൈസ് ഡെപ്യൂട്ടി കമീഷണർ ടി.എൻ. സുധീർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.