കൊച്ചിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഡിജിറ്റല്‍ ഹബില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ സമ്മിറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുന്നു
സംരംഭകത്വം വിദ്യാർഥികളുടെ സമഗ്ര വികസനം -മന്ത്രി റോജി എം. ജോൺ
കൊച്ചി: ആഗ്രഹങ്ങൾക്ക് അനുസരിച്ച് കൂടുതൽ കാര്യങ്ങൾ നിർവഹിക്കണമെന്നും എന്തെങ്കിലുമൊക്കെ ചെയ്തു തുടങ്ങുന്നവരാണ് പിന്നീട് പുതിയ ഉയരങ്ങൾ കീഴടക്കുന്നതെന്നും കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. വിദ്യാര്‍ഥികളിലെ സംരംഭകത്വവും നവീകരണ ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിന് ടൈ യങ് എന്റര്‍പ്രണേഴ്സ് (ടി.വൈ.ഇ) കൊച്ചിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഡിജിറ്റല്‍ ഹബില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംരംഭകത്വമെന്നതിലൂടെ ഉദ്ദേശിക്കുന്നത് സ്ഥാപനമോ പുതിയ പദ്ധതിയോ ആരംഭിക്കുന്നത് മാത്രമല്ലെന്നും വിദ്യാർഥികളുടെ സമഗ്ര വികസനം കൂടിയാണെന്നും മന്ത്രി പറഞ്ഞു. സാധ്യതകൾ അന്വേഷിക്കുന്നവരെയല്ല സാധ്യതകൾ സൃഷ്ടിക്കന്നവരെയാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. സംരംഭകത്വ പ്രോത്സാഹനത്തിന് സർക്കാർ വലിയ പിന്തുണയാണ് നൽകുന്നത്. നിർമിത ബുദ്ധി (എ.ഐ) ലോകത്തിന് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാക്ടറും കമ്പ്യൂട്ടറും ലോകത്ത് കൊണ്ടുവന്നത് പോലുള്ള മാറ്റമാണ് നിർമിത ബുദ്ധിയിലൂടെയും സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെ.എസ്.യു.എം) സഹകരണത്തോടെയാണ് ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്സ് (ടൈ) കേരള ചാപ്റ്റർ ഗ്ലോബല്‍ സമ്മിറ്റ് സംഘടിപ്പിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അനൂപ് അംബിക, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ടി.വൈ.ഇ കേരള ചെയറും ഗ്ലോബല്‍ ബോര്‍ഡ് അംഗവുമായ വിനോദിനി സുകുമാര്‍, ടൈ കേരള വൈസ് പ്രസിഡന്റ് ഡോ. ജീമോന്‍ കോര, ടൈ ഗ്ലോബൽ പ്രതിനിധി പിയാലി ചതോപാധ്യായ്, നാവൽട്ട് ബോട്ട്സ് സി.ഇ.ഒ സന്ദിത് തണ്ടാശ്ശേരി എന്നിവർ പ്രസംഗിച്ചു. വിവിധ വിദ്യാർഥി സ്റ്റാർട്ടപ്പ് സ്ഥാപകരെയും പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു.
ഉച്ചകോടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്കൂള്‍ സ്റ്റാര്‍ട്ടപ്പ് ടീമുകളും സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിൽ നിന്ന് ഉള്‍പ്പെടെ 2,000 വിദ്യാര്‍ഥികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.