കൊച്ചി: മഴക്ക് മുമ്പേ കാനകളുടേയും തോടുകളുടേയും ശുചീകരണം പൂർത്തിയാക്കാത്തതിൽ കൊച്ചി കോർപറേഷന് ഹൈകോടതിയുടെ രൂക്ഷവിമർശനം. ശുചീകരണ നടപടികൾ 75 ശതമാനം പൂർത്തിയായെന്നും രണ്ട് ദിവസത്തിനകം പൂർത്തിയാക്കുമെന്നുമുള്ള കോർപറേഷന്റെ വിശദീകരണത്തെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ രൂക്ഷ വിമർശനമുണ്ടായത്. ഓട്ടമത്സരത്തിൽ ഒരു സെക്കൻഡ് മാത്രമാണ് പിന്നിലായത് എന്നത് കൊണ്ട് തോൽവിയല്ലാതാകില്ല.
75 ശതമാനം പൂർത്തിയായാലും ശേഷിക്കുന്ന 25 ശതമാനം ഭാഗത്ത് വെള്ളം കെട്ടി നിൽക്കുമ്പോൾ നൂറ് ശതമാനവും പാഴാകും. പെരുമഴ പെയ്യുമ്പോൾ ചെളി നീക്കാമെന്നാമെന്നാണോ കരുതുന്നത്. എങ്കിൽ ആ സാങ്കേതികവിദ്യ ഏെതന്ന് കോടതിക്ക് രഹസ്യമായെന്ന് പറഞ്ഞു തരണം. ജനുവരി തുടങ്ങും മുമ്പേ ശുചീകരണ പ്രവൃത്തികൾ തുടങ്ങാമല്ലോ. ഏപ്രിലിലേക്ക് കാത്തു നിൽക്കുന്നതെന്തിനാണ്.
മഴ പെയ്താൽ പിന്നെ ഒരു പണിയും ചെയ്യേണ്ടെന്ന് ബന്ധപ്പെട്ടവർക്കറിയാം. ഇത് എല്ലാ വർഷവും ഉള്ള ഒത്തുകളിയാണ്. അതിനാലാണ് കരാറുകാർക്ക് ലാഭമുണ്ടാക്കാൻ ബോധപൂർവം ഇങ്ങനെ ചെയ്യുന്നതാണെന്ന് സംശയിക്കാൻ ഇടവരുന്നത്. പണിയുടെ ശതമാനക്കണക്കുമായാണ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
പണി പൂർണമായും തീർക്കാതെ വെള്ളം ഒഴുകില്ല. വെള്ളപ്പൊക്കമുണ്ടായാൽ ഉദ്യോഗസ്ഥർ ഉത്തരവാദികളാകുമെന്നും പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. എം.ജി റോഡിലെ നടപ്പാത നവീകരണം വേഗത്തിലാക്കാൻ ഫണ്ടില്ലെന്ന് ആവർത്തിച്ച പൊതുമരാമത്ത് വകുപ്പിനെയും കോടതി വിമർശിച്ചു. 15 കോടി രൂപയാണ് വേണ്ടത്. പൊതുമരാമത്ത് വകുപ്പിന് പണി ചെയ്യാനുമറിയാം.
പക്ഷേ ചെയ്യില്ല. പറ്റില്ലെന്ന് എഴുതി നൽകിയാൽ കോടതി അതിന്റെ ചുമതല ഏറ്റെടുക്കാമെന്നും കോടതി വാക്കാൽ പറഞ്ഞു. സെന്റ് ആൽബർട്ട്സ് ലെയ്നിൽ ഇളകിക്കിടക്കുന്ന ടൈലുകളും നടപ്പാതയിലെ കുറ്റികളും ഉടൻ പുനഃസ്ഥാപിക്കുമെന്ന് സി.എസ്.എം.എൽ അറിയിച്ചു. തുടർന്ന് ആരെങ്കിലും നശിപ്പിച്ചാൽ ക്രിമിനൽ കേസെടുക്കാൻ കോടതി നിർദേശിച്ചു.
സംസ്ഥാനത്ത് പലയിടത്തും ഭരണാധികാരികളുടെ ചിത്രവുമായി വീണ്ടും ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയെന്ന് കോടതി നിരീക്ഷിച്ചു. ഇവ എടുത്തുമാറ്റാൻ ഉദ്യോഗസ്ഥർ മടിക്കുകയാണ്.
ഫ്ലക്സുകൾ നീക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരുടെ പക്കൽ നിന്ന് പിഴ ഈടാക്കേണ്ടി വരും. തങ്ങളുടെ ഫ്ലക്സുകൾ പാടില്ലെന്ന് നേതാക്കളും നിലപാടെടുക്കണം. കാരണം ജനങ്ങളെല്ലാം ഇതിന് എതിരാണെന്ന് കോടതിക്ക് ലഭിക്കുന്ന നൂറുകണക്കിന് സന്ദേശങ്ങളിൽനിന്ന് വ്യക്തമാണ്. സിനിമാക്കാരുടെ ബോർഡുകൾ കൂടിവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.