ഗയ്സ്, ഇനി തൃശൂര് കാണാട്ടോ...

കൊച്ചി: ഒപ്പനയുടെ ഇശൽശീലുകളും മോഹിനിയാട്ടത്തിന്‍റെ ലാസ്യഭാവങ്ങളും സംഘനൃത്തത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന നിറച്ചാർത്തുകളും കഥകളിക്കാരുടെ കൺനോട്ടങ്ങളുമെല്ലാമായി പൂർണമായും കളർഫുൾ ആയി മാറിയ 36-മത് ജില്ല സ്കൂൾ കലോത്സവത്തിന് കൊടിയിറക്കം. കലാകിരീടം ആദ്യദിനം മുതൽ കുതിച്ചുമുന്നേറിയ എറണാകുളത്തിനു തന്നെ. 1010 പോയൻറുകളോടെയാണ് ആതിഥേയരുടെ വിജയഗാഥ. തുടർച്ചയായ നാലാം തവണയാണ് എറണാകുളം കലോത്സവ കിരീടം ചൂടുന്നത്. 933 പോയൻറുകളുമായി ആലുവ ഉപജില്ല രണ്ടാം സ്ഥാനത്തെത്തി. നോർത്ത്പറവൂർ-926, മട്ടാഞ്ചേരി-870, മൂവാറ്റുപുഴ-811 എന്നിവയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്തുള്ള ഉപജില്ലകൾ. വിധികർത്താവിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബാൻഡ്മേളം മാറ്റിവെച്ചതിനാൽ രണ്ടിന് നടക്കുന്ന മത്സരം കൂടി സമാപിച്ചാൽ പോയൻറ് നിലയിൽ മാറ്റമുണ്ടാകുമെങ്കിലും ഉപജില്ലയുടെ സ്ഥാനം മാറില്ല.

നിലവിൽ എറണാകുളം സെൻറ് തെരേസാസ് സ്കൂളും ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്കൂളുമാണ് സ്കൂളുകളുടെ പട്ടികയിൽ ഒന്നാമതുള്ളത്.നിലവില്‍ സ്‌കൂളുകളിലെ ചാമ്പ്യന്മാരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇരു സ്കൂളുകളും 296 പോയൻറുകൾ പങ്കിടുന്നു. മൂവാറ്റുപുഴ സെൻറ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ്-262, എടവനക്കാട് ഹിദായത്തുൽ ഇസ്ലാം എച്ച്.എസ്.എസ്-217, ചെറായി സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്-185 എന്നിവയാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനത്തുള്ള സ്കൂളുകൾ.

യു.പി വിഭാഗം അറബിക് കലോത്സവത്തില്‍ പെരുമ്പാവൂര്‍, വൈപ്പിന്‍, മട്ടാഞ്ചേരി, നോര്‍ത്ത് പറവൂര്‍, കോലഞ്ചേരി, മൂവാറ്റുപുഴ, കോതമംഗലം എന്നീ ഉപജില്ലകള്‍ 65 പോയിന്റോടെ ചാമ്പ്യന്മാരായി. സ്‌കൂളുകളില്‍ ഞാറല്ലൂര്‍ ബേത്‌ലഹേം ദയറ എച്ച്.എസ് ചാമ്പ്യന്മാരായി. എച്ച്എസ് വിഭാഗത്തില്‍ പെരുമ്പാവൂര്‍ ഉപജില്ല ചാമ്പ്യന്മാരായി. 78 പോയന്റുമായി കുറ്റിപ്പുഴ ക്രിസ്തുരാജ് എച്ച്.എസ് ആണ് ചാമ്പ്യന്‍.

യു.പി വിഭാഗം സംസ്‌കൃതോത്സവത്തില്‍ ആലുവ, ആങ്കമാലി ഉപജില്ലകള്‍ 88 പോയന്റുമായി കിരീടം പങ്കിട്ടു. സ്‌കൂളുകളില്‍ മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയം 63 പോയന്റുമായി മുന്നിലെത്തിയപ്പോള്‍ 60 പോയന്റ് വീതം നേടി മട്ടാഞ്ചേരി ടി.ഡി എച്ച്.എസ്, ആലുവ വിദ്യാധിരാജ എന്നീ സ്‌കൂളുകള്‍ റണ്ണേഴ്‌സ് അപ്പായി.

സംസ്‌കൃതോത്സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആലുവ 93 പോയന്റോടെ ചാമ്പ്യന്മാരായി. സ്‌കൂളുകളില്‍ 83 പോയന്റുമായി ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ ചാമ്പ്യനായി.

Tags:    
News Summary - District School Arts Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.