കൊച്ചി: ഒരു കുടുംബത്തിലെ ഒന്നിലധികം സ്ത്രീകൾക്ക് കുടുംബശ്രീയിൽ അംഗത്വമുണ്ടാകില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ കുടുംബശ്രീയുമായി ചേർന്ന് പ്രവർത്തിക്കാനും വിപുലമായ പദ്ധതികളിൽ പങ്കാളികളാകാനും വനിതകൾക്ക് കഴിയുമോ.
ഇതിന് അവസരമുണ്ടെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് കുടുംബശ്രീ മിഷൻ. ഇതിനായി ആരംഭിച്ച ഓക്സിലറി ഗ്രൂപ്പുകളിൽ പങ്കാളികളാകാം. 2021-22 സാമ്പത്തിക വർഷത്തിൽ രൂപംകൊണ്ട ഈ സംവിധാനത്തെ കൂടുതൽ വിപുലീകരിക്കാനുള്ള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജില്ല മിഷൻ.
ഓക്സില്ലോ (ഓക്സിലറി എക്സ്പാനിഷൻ, ലൈവ്ലി ഹുഡ് ലോഞ്ച്, ലീഡർഷിപ് ഒപ്റ്റിമൈസേഷൻ) കാമ്പയിൻ എന്ന പദ്ധതിയിലൂടെയാണ് പ്രവർത്തനം. സംഘടനയുടെ ഭാഗമാകാതെ പിന്നിൽ നിൽക്കുന്ന വീട്ടമ്മമാർക്കും യുവതികൾക്കും സമൂഹത്തിൽ സജീവ പങ്കാളികളാകാനുള്ള വാതിലുകളാണ് തുറക്കപ്പെടുന്നത്.
യുവശക്തിയെ സാമൂഹിക, സാമ്പത്തിക രംഗങ്ങളിലേക്ക് നയിച്ച് അവരുടെ ജീവിതത്തിലെ സ്വയംപര്യാപ്തത ഉറപ്പുവരുത്തുകയാണ്. 18 മുതൽ 40 വയസ്സുവരെയുള്ള വനിതകളിലൂടെയാണ് പദ്ധതി വിപുലീകരിക്കുന്നത്.
യുവതികളുടെ നേതൃത്വം, ആശയവിനിമയം, സംരംഭങ്ങൾ ആരംഭിക്കുന്ന കഴിവ്, സാമൂഹിക ഇടപെടൽ തുടങ്ങിയ മേഖലകളിൽ ഇവ പ്രവർത്തിച്ചുവെന്നതിന്റെ ആധികാരികതയാണ് ‘ഓക്സില്ലോ’ കാമ്പയിൻ എന്ന ആശയത്തിൽ എത്തിച്ചത്. ജില്ലയിലെ നിലവിലുള്ള 650ഓളം ഓക്സിലറി ഗ്രൂപ്പുകൾക്കും പുറമെ, ഓരോ അയൽക്കൂട്ടത്തിലും കുറഞ്ഞത് ഒരു ഓക്സിലറി ഗ്രൂപ് എന്ന ലക്ഷ്യത്തോടെ പുതിയ ഗ്രൂപ്പുകൾ രൂപവത്കരിക്കുകയാണ്.
നിലവിലുള്ള ഗ്രൂപ്പുകളുടെ പുനഃസംഘടനയും അവയെ സൂക്ഷ്മ സാമ്പത്തിക ഗ്രൂപ്പുകളായി കാറ്റഗറൈസ് ചെയ്യലും താൽപര്യമില്ലാത്ത ഗ്രൂപ്പുകൾ തിരിച്ചറിയലുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിർജീവമായതോ പ്രവർത്തനങ്ങൾ കുറഞ്ഞതോ ആയ ഗ്രൂപ്പുകളെ പുനരുജ്ജീവിപ്പിച്ച് സജീവമാക്കാനുള്ള നടപടികളുണ്ടാകും.
അയൽക്കൂട്ട അംഗത്വമില്ലാത്ത യുവതികളെ തിരിച്ചറിഞ്ഞ് പ്രവർത്തനങ്ങളിലേക്ക് എത്തിക്കുകയാണ് പ്രധാന ലക്ഷ്യം. അവരെ ഓക്സിലറി ഗ്രൂപ്പുകളിൽ അംഗങ്ങളാക്കും. ഇവർക്ക് ജീവനോപാധി പരിശീലനങ്ങളും സംരംഭം ആരംഭിക്കാനുള്ള സഹായവും ലഭ്യമാക്കും. നേതൃപരിശീലനം ഉൾപ്പെടെ നൽകി സമൂഹത്തിന്റെ ഉന്നതിയിലേക്ക് നയിക്കുന്ന മികവുറ്റ പദ്ധതിയാണിത്.
സാമൂഹിക ഇടപെടലുകളിൽ ഇവരുടെ പങ്കാളിത്തം കൂടി കൊണ്ടുവരുകയെന്ന ലക്ഷ്യം നിറവേറ്റാനുള്ള പ്രയത്നത്തിലാണ് കുടുംബശ്രീ. സി.ഡി.എസ്, എ.ഡി.എസ് തലത്തിലെ പരിശീലന ക്യാമ്പുകളും പ്രത്യേക അയൽക്കൂട്ട യോഗങ്ങളും നടക്കും.
18-40 വയസ്സുകാരുടെ വിവര ശേഖരണവും ഗൃഹസന്ദർശനവും യുവതീസംഗമങ്ങളും നടത്തിവരുകയാണ്. പ്രാദേശിക പ്രത്യേകതകൾ കൂടി പരിഗണിച്ചാണ് ഓരോ ഓക്സിലറി ഗ്രൂപ്പുകൾക്കുമുള്ള പദ്ധതികൾ തയാറാക്കപ്പെടുന്നതെന്ന് കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ റജീന വ്യക്തമാക്കി.
ഓക്സലറി ഗ്രൂപ്പുകളിലൂടെ അംഗത്വമില്ലാത്ത യുവതികൾക്ക് കുടുംബശ്രീയുമായി കൈപിടിക്കാനാകും. ഇവരുടെ അറിവും സ്കില്ലും നേതൃഗുണവുമെല്ലാം പ്രയോജനപ്പെടുത്താൻ കുടുംബശ്രീക്ക് കഴിയുമെന്നതും പ്രത്യേകതയാണ്. കൂടാതെ വർഷങ്ങളായി കുടുംബശ്രീയിൽ പ്രവർത്തിക്കുന്ന വനിതകളുടെ അനുഭവസമ്പത്തും സംഘടന പ്രവർത്തന മികവുമൊക്കെ മനസ്സിലാക്കാനും അറിവ് നേടാനും ഓക്സിലറി ഗ്രൂപ് അംഗങ്ങൾക്കും കഴിയും.
ഇത്തരത്തിൽ പരസ്പരം പ്രയോജനപ്പെടുത്താനാകുന്ന മികവുറ്റ സംവിധാനമായാണ് കുടുംബശ്രീ മിഷൻ പദ്ധതിയെ വിലയിരുത്തുന്നത്. ഓക്സിലറി ഗ്രൂപ്പിനെക്കുറിച്ച് കൂടുതൽ അറിയാനും അതിൽ ഉൾപ്പെടാനും അതത് സി.ഡി.എസുമായോ സി.ഡി.എസ് അംഗങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്. മാത്രമല്ല, തൊട്ടടുത്തുള്ള കുടുംബശ്രീ പ്രവർത്തകരെയും സമീപിച്ച് വിവരങ്ങൾ മനസ്സിലാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.