കൊച്ചി: അച്ഛന് കരള്‍ പകുത്തുനല്കി, ഒപ്പം അനുഗ്രഹാശിസ്സുകള്‍ വാങ്ങി അക്ഷര പരീക്ഷയെഴുതി. കരള്‍രോഗ ബാധിതനായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയായ അജിതനാണ് മകള്‍ അക്ഷരയുടെ കരള്‍ സ്വീകരിച്ചത്. ഉത്തര്‍പ്രദേശില്‍ ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സ് ആൻഡ് ക്രിമിനോളജിയിലെ അവസാന വര്‍ഷ ഫോറന്‍സിക് സയന്‍സ് ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് അക്ഷര.
പരീക്ഷക്കുള്ള തയാറെടുപ്പുകള്‍ക്കിടെയാണ് അച്ഛന് രോഗം സ്ഥിരീകരിച്ചത്. വീടിനു സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെങ്കിലും ഗുരുതരമായതിനെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയിൽ എത്തുകയായിരുന്നു. വിശദ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയ വേണമെന്നാണ് നിര്‍ദ്ദേശിച്ചത്.
ഏപ്രില്‍ എട്ടിന് നടന്ന കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണ ആരോഗ്യത്തോടെ അച്ഛനും മകളും ആശുപത്രി വിട്ടു. നിലവില്‍ ആശുപത്രിയോടു ചേര്‍ന്ന റെസിഡന്സില് താമസിക്കുകയാണ് അജിതന്. ആരോഗ്യം വീണ്ടെടുത്ത അക്ഷരയാകട്ടെ പരീക്ഷക്കുള്ള തയാറെടുപ്പുകള്‍ പുനരാരംഭിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ തിരിച്ചെത്തിയ അക്ഷര കരളുറപ്പോടെ പരീക്ഷയെഴുതി.
ലിസി ആശുപത്രി കരള്‍രോഗ വിഭാഗം തലവന്‍ ഡോ. ബി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഡോ. ഷാജി പൊന്നമ്പത്തയില്‍, ഡോ. കെ. പ്രമില്‍, ഡോ. എന്‍.കെ. മിഥുന്, ഡോ. രാജീവ് കടുങ്ങപുരം, ഡോ. കെ.ആര്. വിഷ്ണുദാസ്, ഡോ. വി. ദീപക്, ഡോ. എ.കെ. വിഷ്ണു എന്നിവരാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. അക്ഷരയെ ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്, ജോയന്റ് ഡയറക്ടര്‍മാരായ ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, അസി. ഡയറക്ടര്‍മാരായ ഫാ. ഡേവിസ് പടന്നക്കല്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍ എന്നിവര്‍ യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.